ഭിന്നശേഷിക്കാര്‍ വന്‍തോതില്‍ തൊഴില്‍മേഖലയില്‍ നിന്നും വിട്ടകലുന്നു: കാരണം തേടി ഇ.എസ്.ആര്‍.ഐ

ഡബ്ലിന്‍: പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ഭിന്നശേഷിക്കാര്‍ സാധാരണ ഉദ്യോഗാര്‍ത്ഥികളെക്കാള്‍ നാലു മടങ്ങു കുറവാണെങ്കിലും ജോലി നേടിയവര്‍ ഇത് വിട്ടുപോകുന്ന കാഴ്ച പതിവായിരിക്കുന്നു. 31 ശതമാനം ഭിന്ന ശേഷിക്കാര്‍ തൊഴില്‍ നേടുന്നുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയാകുന്നതിന്റെ കാരണം അന്വേഷിച്ച് ഗവേഷണത്തിലാണ് ഇക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്.

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്ന സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍, യാത്ര ബത്ത എന്നിവ ലഭിക്കുന്നുണ്ടെങ്കിലും ചില ജോലികള്‍ക്ക് കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജോലിസ്ഥലത്ത് കഷ്ടപ്പെട്ട് എത്തിച്ചേരുന്ന ഇവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനേക്കാള്‍ ഗുണകരം തൊഴില്‍ ചെയ്യാതിരിക്കുന്നതാണ്. അഞ്ച് ഭിന്നശേഷിക്കാരില്‍ നാല് പേര്‍ വീതം ഇത്തരത്തില്‍ ചിന്തിക്കുന്നവരാണെന്നു ഇന്‍ക്ലൂഷന്‍ അയര്‍ലന്‍ഡ് ക്യാംപെയ്‌നര്‍ സാറാ ലെനോന്‍ അഭിപ്രായപ്പെടുന്നു.

ഭിന്നശേഷിക്കാരുടെ യാത്ര അസൗകര്യവും തൊഴില്‍ മേഖലയില്‍ ഇത്തരക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പക്ഷപാതപരമായ ഇടപെടലുകളും ജോലിനിര്‍ത്തിപ്പോകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്ന ഘടകങ്ങളില്‍ ചിലതാണ്. ഓഫിസ് സമുച്ചയങ്ങളും സൗകര്യങ്ങളും അപര്യാപതമായതു ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു. ശാരീരിക വെല്ലുവിളികളേക്കാള്‍ മാനസിക പിരിമുറുക്കവും ഇക്കൂട്ടര്‍ അഭിമുഖീകരിക്കുന്നുണ്ട്. മറ്റുള്ളവരുടെ അനാവശ്യ സഹതാപതരംഗത്തിനു ഇരയാകേണ്ടിവരാറുമുണ്ട് ഇവര്‍.

ഭിന്നശേഷിക്കാരെ സംബന്ധിച്ച് അവരുടെ വൈകല്യങ്ങളെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളും ഇവര്‍ക്ക് അസഹനീയമാണ്. ചില ജോലികള്‍ ഇവര്‍ക്ക് ചെയ്യാനാകില്ലെന്ന തൊഴില്‍ ഉടമയുടെ മനോഗതിയും ഇവരെ നിരാശരാക്കാറുണ്ട്. ഇവര്‍ക്ക് മാനസിക ബലം നല്‍കി വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പകരാന്‍ മിക്ക തൊഴില്‍ സ്ഥാപനങ്ങളും ശ്രമിക്കുന്നില്ല. ഐറിഷ് ജനസംഖ്യയുടെ 13 ശതമാനം ഭിന്നശേഷിക്കാര്‍ ഉണ്ടെന്നിരിക്കെ ഇവരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വളരെ കുറവാണ്. വിരലിലെണ്ണാവുന്ന ചില സന്നദ്ധ സംഘടനകള്‍ ഒഴികെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന നടപടികളാണ് സ്വീകരിച്ചത്.

സൗജന്യമായി പലതും ഇവര്‍ക്ക് നേരെ നീട്ടുന്നുണ്ട് എന്നതൊഴികെ വിധഗ്തമായ തൊഴില്‍ പരിശീലനമോ, ക്രിയാത്മകത ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളോ നിലവിലില്ല. ഭിന്നശേഷിക്കാരുടെ മനുഷ്യ വിഭവശേഷി രാജ്യത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇ.എസ്.ആര്‍ -ന്റെ പഠന റിപ്പോട്ടുകള്‍.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: