വൈറ്റ്ഹൗസ് പരിസരത്ത് ‘കാര്‍ബോംബ്’ ഭീതിപരത്തിയ ഡ്രൈവര്‍ കസ്റ്റഡിയില്‍

വൈറ്റ്ഹൗസ് പരിസരത്ത് കാര്‍ബോംബുണ്ടെന്ന ഭീഷണി പരത്തിയ ഡ്രൈവറെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വൈറ്റ്ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി.

ശനിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. കാറില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ട് വൈറ്റ്ഹൗസിന് സമീപമുള്ള ചെക്ക്‌പോയിന്റിലേക്കെത്തിയ അജ്ഞാതനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ തന്നെയാണ് വാഹനത്തില്‍ ബോംബുള്ളതായി വെളിപ്പെടുത്തിയത്. എന്നാല്‍, വാഹനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവ സമയത്ത് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവശേഷം വൈറ്റ്ഹൗസിന് സമീപമുള്ള സ്ട്രീറ്റുകള്‍ പൊലീസ് ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡൊണള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡാന്‍ ബോണ്‍ഗിനോ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരാക്രമണമുണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ സംഘത്തിന് കഴിയില്ലെന്നും മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ബോണ്‍ഗിനോ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വൈറ്റ്ഹൗസ് പരിസരച്ച് കാര്‍ബോംബുമായെത്തിയ അജ്ഞാതനെ പിടികൂടിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.

കഴിഞ്ഞയാഴ്ച ഒരാള്‍ വൈറ്റ് ഹൗസില്‍ അതിക്രമിച്ചു കയറി 15 മിനിറ്റോളം അതീവ സുരക്ഷാ മേഖലയില്‍ ചെലവഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബോണ്‍ഗിനോയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസില്‍ ഒരു യുവാവ് അതിക്രമിച്ചു കടന്നത് അറിയാന്‍ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 40 ഓളം ഭീകരര്‍ കടന്നുകയറുന്നത് തടയാന്‍ കഴിയുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ബറാക് ഒബാമ, ജോര്‍ജ് ബുഷ് തുടങ്ങിയ മുന്‍ യുഎസ് പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ഡാന്‍ ബോണ്‍ഗിനോ.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: