രണ്ടാം റാങ്കുണ്ടായിട്ടും ജോലി നിഷേധിക്കപ്പെട്ടത് 40 തവണ; പേര് മാറ്റാന്‍ സദ്ദാം ഹുസൈന്‍ കോടതിയില്‍

മുത്തച്ഛന്‍ കൊച്ചുമകന് സ്വന്തം പേര് നല്‍കുമ്പോള്‍ ഭാവിയില്‍ അവന്‍ വളര്‍ന്ന് മഹാനായൊരു മനുഷ്യനായിത്തീരുമെന്നായിരുന്നു കരുതിയിരുന്നത്. 25 വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ പഠിച്ച് ഒരു മറൈന്‍ എന്‍ജിനീയറായി. എന്നാല്‍ മുത്തച്ഛന്‍ സ്നേഹത്തോടെ നല്‍കിയ പേര് ജീവിതത്തില്‍ അവന് വലിയ വിനയായിത്തീര്‍ന്നു. കാരണം, അദ്ദേഹത്തിന് മുത്തച്ഛന്‍ നല്‍കിയ പേര് സദ്ദാം ഹുസൈന്‍ എന്നായിരുന്നു.

ജാംഷഡ്പുര്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍ തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍നിന്ന് മറൈന്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. എന്നാല്‍ പഠനം കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സദ്ദാമിന് ജോലിയൊന്നും ലഭിച്ചില്ല. കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ പേരുതന്നെ.

2006ല്‍ അമേരിക്ക തൂക്കിലേറ്റിയ ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസ്സൈന്റെ പേരാണ് തന്റേത് എന്നതാണ് ആരും ജോലി നല്‍കാന്‍ തയ്യാറാകാത്തതിന് കാരണമെന്നാണ് സദ്ദാം ഹുസൈന്‍ പറയുന്നത്. നാല്‍പതിലേറെ തവണയാണ് അദ്ദേഹത്തിന്റെ അപേക്ഷകള്‍ വിവിധ ഷിപ്പിങ് കമ്പനികള്‍ തള്ളിയത്. തന്റെ സഹപാഠികളെല്ലാം ലോകത്തെ വിവിധ കമ്പനികളില്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കിയപ്പോള്‍ താന്‍ മാത്രം തന്റെ പേരിനാല്‍ പുറന്തള്ളപ്പെട്ടതായി അദ്ദേഹം പറയുന്നു.

പുറംതള്ളലുകളുടെ ആദ്യ കാലത്ത് എന്താണ് തന്നെയാരും ജോലിക്കെടുക്കാത്തതെന്ന് സദ്ദാമിന് മനസ്സിലായിരുന്നില്ല. പിന്നീട് കമ്പനികളുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് പേരാണ് പ്രശ്നമെന്ന് മനസ്സിലായത്. ഇങ്ങനെ പേരുള്ള ഒരാള്‍ക്ക് ജോലിനല്‍കിയാല്‍ പ്രായോഗികമായി നിരവധി പ്രശ്നങ്ങളെ നേരിടേണ്ടിവരുമെന്നായിരുന്നു അവരുടെ വിശദീകരണം.

മറൈന്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ പല രാജ്യങ്ങളിലും സഞ്ചരിക്കേണ്ടിവരും. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ യാത്ര തടയപ്പെടുന്ന സാഹചര്യങ്ങളുണ്ടാകും. ചിലപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ പെട്ടേക്കാം. സദ്ദാം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമേ കമ്പനിക്ക് സമയമുണ്ടാവൂ. പ്രശസ്തനായ നടന്‍ ഷാരൂഖ് ഖാനുപോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ സദ്ദാം ഹുസ്സൈന്റെ കാര്യം എന്താവും? കമ്പനി അധികൃതര്‍ ചോദിച്ചു.

ഒടുവില്‍ തന്റെ പേര് മാറ്റാന്‍ തന്നെ സദ്ദാം തീരുമാനിച്ചു. അങ്ങനെ ഔദ്യോഗിക രേഖകളില്‍ സാജിദ് എന്ന് പേരു മാറ്റി. പാസ്പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി എല്ലാ രേഖകളിലും പേരു മാറ്റിയെങ്കിലും സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ മാത്രം പേര് തിരുത്തി നല്‍കാന്‍ സിബിഎസ്ഇ അധികൃതര്‍ തയ്യാറായില്ല. അതോടെ രേഖകളില്‍ വ്യത്യസ്തമായ രണ്ടു പേരുകളായി അദ്ദേഹത്തിന്. സദ്ദാമെന്ന സാജിദിന്റെ കാര്യം മുന്‍പത്തേക്കാള്‍ കഷ്ടത്തിലായി.

ഒടുവില്‍ ഗത്യന്തരമില്ലാതെ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ സദ്ദാം. സിബിഎസ്ഇയോട് തന്റെ പേര് തിരുത്തി നല്‍കാന്‍ ഉത്തരവിടണമെന്നാണ് തന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി സദ്ദാം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല വിധത്തിലുള്ള തട്ടിപ്പുകള്‍ക്കുമായി ആള്‍ക്കാര്‍ പേരുമാറ്റുന്നതിന് നിരന്തരം കോടതിയെ സമീപിക്കുന്ന സാഹചര്യമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ സദ്ദാമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് കോടതിയുടെയും നിലപാട്. ഹിയറിങ്ങിനായി സദ്ദാമിന്റെ കേസ് മെയ് അഞ്ചിലേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ് ഇപ്പോള്‍.

തനിക്ക് ഇങ്ങനെയൊരു പേരിട്ട മുത്തച്ഛനെ സ്മരിച്ചുകൊണ്ട് ഉറക്കമില്ലാത്ത രാത്രികള്‍ തള്ളിനീക്കുകയാണ് സദ്ദാം ഹുസൈന്‍ എന്ന സാജിദ് ഇപ്പോള്‍. ജോലിയുടെ ഭാഗമായി തന്റെ കൂട്ടുകാര്‍ രാജ്യാന്തര യാത്രകള്‍ നടത്തുമ്പോള്‍ ആരോ ചെയ്ത കുറ്റത്തിന്റെ പേരില്‍ താന്‍ അനാവശ്യമായി ദുരിതം അനുഭവിക്കേണ്ടിവരികയാണ് താനെന്ന് അദ്ദേഹം പറയുന്നു.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: