ലണ്ടന്‍ പാര്‍ലമെന്റ് ആക്രമണം: ഏഴ് പേര്‍ അറസ്റ്റില്‍, പിന്നില്‍ ഐസിസ് ഭീകരരോ ?

ബ്രിട്ടീഷ് പാര്‍ലമെന്റിന് മുമ്പിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഏഴ് പേര്‍ അറസ്റ്റില്‍. ലണ്ടനിലും ബിര്‍മിംഗ്ഹാമിലും വ്യാഴാഴ്ച പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഏഴ് പേര്‍ പിടിയിലായത്. മെട്രോപൊളിറ്റന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച വൈകിട്ടാണ് ബ്രീട്ടീഷ് പാര്‍ലമെന്റിന് മുമ്പില്‍ ഭീകരാക്രമണമുണ്ടാകുന്നത്.

വെസ്റ്റ്മിനിസ്റ്ററിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കയ്യില്‍ കത്തികളുമായെത്തിയ ഭീകരന്റെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും നാല് സാധാരണക്കാരുമാണ് മരിച്ചത്. ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപത്ത് നടന്നതെന്ന സൂചനകള്‍ ലഭിച്ചതോടെ ബുധനാഴ്ച മുതല്‍ തന്നെ പോലീസ് വ്യാപകമായി റെയ്ഡുകള്‍ നടത്തിവരികയായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് കാറിലെത്തിയ അക്രമി വഴിയാത്രക്കാരുടെ ഇടയിലേക്കു കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. കാറില്‍ നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമി തടയാനെത്തിയ പോലീസുകാരനെ കത്തി കൊണ്ടു കുത്തി വീഴ്ത്തുകയായിരുന്നു. മറ്റൊരു പോലീസുകാരനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിയെ പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: