ജനങ്ങളെ പിഴിഞ്ഞ് എസ്.ബി.ഐ; ഏപ്രില്‍ മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ കൊടുകേണ്ടിവരും. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ കര്‍ശന നിര്‍ദ്ദേശം ലഭിക്കാത്ത പക്ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ നല്‍കേണ്ടിവരുക.

മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്‍ധനഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ വേണ്ടത്. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാകും പിഴ ഈടാക്കുക.മിനിമം ബാലന്‍സായി വേണ്ടതിലും 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാകും പിഴ. 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും സേവന നികുതിയുമാണ് പിഴ. മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനത്തില്‍ കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും സേവന നികുതിയുമായിരിക്കും പിഴ. ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 50 രൂപ വരെയും സേവനനികുതിയുമായിരിക്കും പിഴ. ബാങ്ക് ബ്രാഞ്ചില്‍ മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തിയാല്‍ ഓരോ തവണയും 50 രൂപ വീതം ഈടാക്കുന്ന രീതി തുടരും.

എസ്.ബി.ഐയുടെ പുതിയ തീരുമാനം 31 കോടി സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകളെ നേരിട്ട് ബാധിക്കും. എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുമ്പോള്‍ സേവിംഗ്‌സ് അക്കൗണ്ട് ഉടമകളുടെ എണ്ണം ഇനിയും കൂടും. നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെ സാധാരണക്കാരായ ഇടപാടുകാരില്‍ നിന്ന് വന്‍ പിഴ ഈടാക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ധനമന്ത്രാലയത്തിനുള്ളത്.

സേവിംസ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിറുത്താത്തവര്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ഐ പിഴ ഈടാക്കുന്നത്. നിശ്ചിത തവണയില്‍ കൂടുതല്‍ എ.ടി.എം ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത ഈ മാസം മുതല്‍ പിഴ ഈടാക്കാന്‍ നിരവധി ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. ഈമാസം മുതല്‍ നിശ്ചിത തവണയില്‍ കൂടുതല്‍ ബാങ്ക് ശാഖകളിലെത്തി ഇടപാട് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് 150 രൂപയില്‍ കുറയാത്ത ഫീസ് ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ തീരുമാനം

പിഴ ഒഴിവാക്കാന്‍ ചില വഴികള്‍ സ്വീകരിക്കാവുന്നതാണ്. അനാവശ്യ അക്കൗണ്ടുകള്‍ വേണ്ടെന്ന് വയ്ക്കുക, ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ബാങ്കുകളില്‍ പോയി ക്‌ളോസ് ചെയ്യുക. പല അക്കൗണ്ടുകളിലായി ചില്ലറ തുക നിക്ഷേപിക്കുന്ന രീതി ഒഴിവാക്കുക. കാരണം മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ടിലുള്ള ചെറിയ തുകയും ബാങ്ക് എടുക്കും. ചെക്ക് ഉപയോഗം പരമാവധി കുറയ്ക്കുക. ചെക്കിന് പകരം ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോഗിക്കാം. കൂടുതല്‍ ചെക്ക് ഉപയോഗിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കാറുണ്ട്. എ.ടി.എം പിന്‍ അടക്കമുള്ള കാര്യങ്ങള്‍ മറക്കാതിരിക്കാം. ഭൂരിഭാഗം ബാങ്കുകളും പുതിയ പിന്‍ നമ്പര്‍ നല്‍കുന്നതിന് നികുതി ഉള്‍പ്പെടെയുള്ള ചാര്‍ജ് ഈടാക്കുന്നുണ്ട്. പേപ്പര്‍ രൂപത്തിലുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം വാങ്ങുന്നത് ഒഴിവാക്കുക. മേല്‍വിലാസം ഉറപ്പാക്കല്‍, സിഗ്‌നേച്ചര്‍ സാക്ഷ്യപ്പെടുത്തല്‍, ഫോട്ടോ സാക്ഷ്യപ്പെടുത്തല്‍ എന്നിവയ്ക്കും ബാങ്കുകള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ട്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ഏതൊക്കെ സേവനങ്ങളാണ് ബാങ്ക് സൗജന്യമായി നല്‍കുന്നതെന്ന് ഉറപ്പാക്കുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: