ഡോനിഗളില്‍ നിന്നും ഇത്തവണ കള്ളന്മാര്‍ അടിച്ചു മാറ്റിയത് അഗ്‌നിശമന സേനയുടെ വാഹനം

ഡോനിഗല്‍: കേട്ടുകേള്‍വിയില്ലാത്ത മോഷണ ശ്രമമാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ നിന്നും കേള്‍ക്കുന്നത്. പണവും, വിലപിടിപ്പുള്ള സാധനങ്ങളും, വാഹന മോഷണവും പതിവുണ്ടെങ്കിലും ഇത്തവണ ഡോനിഗളില്‍ നിന്നും കള്ളന്മാര്‍ക്ക് കയ്യില്‍ കിട്ടിയത് ഫയര്‍ എഞ്ചിന്‍. ഫയര്‍ സര്‍വീസ് വാഹനം മുഴുവനായി അടിച്ചുമാറ്റി അതിര്‍ത്തി പ്രദേശത്ത് വാഹനം ഉപേക്ഷിച്ചതിന് ശേഷം വിലപിടിപ്പുള്ള തീയണക്കുന്ന ഉപകരണങ്ങള്‍ എല്ലാം തന്നെ കടത്തിക്കൊണ്ടു പോയിരിക്കുകയാണ്. ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട വാഹനം ഗാര്‍ഡ കണ്ടെടുക്കുകയും ചെയ്തു.

ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങളാണ് കളവു പോയതെന്ന് ഫയര്‍ സര്‍വീസ് സ്ഥിതീകരിച്ചു. ഫയര്‍ സ്റ്റേഷനില്‍ സുരക്ഷിതമായി നിര്‍ത്തിയിട്ട വാഹനം എങ്ങിനെ കളവു നടത്തിയെന്ന് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിന് ദൃസാക്ഷികള്‍ ഉണ്ടെങ്കില്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഗാര്‍ഡ.

ഏതു നിമിഷവും ആവശ്യം വന്നേക്കാവുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് ഫയര്‍‌സ്റ്റേഷന്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നു. വിചിത്രമായ രീതിയില്‍ മോഷണം നടത്തിയ കള്ളന്മാരുടെ ചേതോവികാരം മനസിലാക്കാന്‍ കഴിയാത്തതിന്റെ അങ്കലാപ്പിലാണ് ഗാര്‍ഡ.

എ എം

Share this news

Leave a Reply

%d bloggers like this: