വിമാന യാത്രാ ചിലവ് 80 ശതമാനം കുറയ്ക്കാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ സുനും എയറോ

വാഷിംഗ്ടണ്‍ സ്റ്റാര്‍ട്ടപ്പായ സുനും എയറോയാണ് വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുതിയില്‍ പറക്കുന്ന വിമാനങ്ങള്‍ വഴി യാത്രാ ചിലവ് 80 ശതമാനം കുറയുകയും വേഗം 40 ശതമാനം കൂടുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. വിമാനകമ്പനിയായ ബോയിങ്ങിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പാണ് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സുനും എയറോ.

ചെറുകിട വൈദ്യുതി വിമാനങ്ങളായിരിക്കും ഭാവിയില്‍ വ്യോമയാനരംഗം കീഴടക്കുകയെന്നും ഇവര്‍ പ്രവചിക്കുന്നു. രാജ്യാന്തര വിമാനത്താവളങ്ങളെ ഒഴിവാക്കിയ ചെറുകിട വിമാനത്താവളങ്ങള്‍ വഴിയായിരിക്കും ഇത്തരം വ്യോമഗതാഗതം പ്രധാനമായും നടക്കുക. ഇതുവഴി രാജ്യാന്തര വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള അധിക ചിലവ് ഒഴിവാക്കാനും കാത്തിരിപ്പിന് അടക്കമുള്ള അധിക സമയനഷ്ടം ഒഴിവാക്കാനും സാധിക്കും.

അമേരിക്കന്‍ വ്യോമയാന കമ്പനിയായ ജെറ്റ് ബ്ലൂവിന്റെ അടക്കം പിന്തുണ സുനും എയറോയ്ക്കുണ്ട്. പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 700 മൈല്‍ വരെ പറക്കാന്‍ സാധിക്കുന്ന ചെറു വൈദ്യുതി വിമാനം 2020 ആകുമ്പോഴേക്കും നിര്‍മിക്കാനാണ് ഇവരുടെ പ്രാഥമിക ലക്ഷ്യം. 2030 ആകുമ്പോഴേക്കും അമ്പത് പേരെ ഉള്‍ക്കൊള്ളുന്ന 1000 മൈല്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം നിര്‍മിക്കാനാകുമെന്നും സുനും എയറോ അധികൃതര്‍ കണക്കുകൂട്ടുന്നു.

വരാനിരിക്കുന്നത് ചിലവുകുറഞ്ഞതും അതിവേഗതയുള്ളതുമായ ആകാശയാത്രകളുടെ കാലമാണെന്നാണ് സുനും എയറോയുടെ വാദം. വലിയ വിമാനങ്ങളില്‍ വലിയ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുകയെന്നതിനേക്കാള്‍ ചെറിയ വിമാനങ്ങളില്‍ എങ്ങോട്ടാണോ പോകേണ്ടത് അങ്ങോട്ടേക്ക് നേരിട്ട് പോവുകയെന്നതായിരിക്കും ഈ മാറ്റം കൊണ്ട് സംഭവിക്കുക. ആഭ്യന്തര വിമാനസര്‍വീസുകളുടെ പോരായ്മ പരിഹരിക്കുകയെന്നതായിരിക്കും സുനും എയറോയുടെ വൈദ്യുതി വിമാനങ്ങള്‍ വഹിക്കുന്ന പ്രധാന പങ്ക്.
യാത്രാ ചിലവിലും യാത്രാ സമയത്തിലുമുള്ള കുറവിനൊപ്പം മലിനീകരണവും വലിയ തോതില്‍ കുറയ്ക്കാന്‍ ഈ ചെറു വൈദ്യുതി വിമാനങ്ങള്‍ക്കാകും. തുടക്കത്തില്‍ 80 ശതമാനം കണ്ട് മലിനീകരണം തോത് കുറയ്ക്കാനും പിന്നീട് പൂര്‍ണ്ണമായും മലിനീകരണം ഇല്ലാതാക്കാനുമാണ് സുനും എയറോയുടെ ലക്ഷ്യം. ഇതിനൊപ്പം ശബ്ദമലിനീകരണം 75 ശതമാനം കുറയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: