യുഎസ് വിമാനത്തിലെ യാത്രക്കാരനെ പുറത്താക്കിയ സംഭവം; സിഇഒ ക്ഷമ ചോദിച്ചു

വിമാനത്തില്‍നിന്നു യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കിയ സംഭവത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് സിഇഒ ക്ഷമ ചോദിച്ചു. ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പു നല്‍കുന്നുവെന്ന് കമ്പനി സിഇഒ ഓസ്‌കര്‍ മൗന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.

അതിനിടെ, അതിക്രമത്തിന് ഇരയായത് വിയറ്റ്നാം സ്വദേശി ഡോ. ഡേവിഡ് ഡാവോ (69) ആണെന്ന് തിരിച്ചറിഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് പരുക്കേറ്റ ഇയാള്‍ ചികില്‍സയിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഡേവിഡിനെതിരെ ചില ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2003ല്‍ നിരോധിത വേദന സംഹാരികളുമായി ഇയാളെ പിടികൂടിയിരുന്നു. ഡേവിഡ് 1980ല്‍ ആണ് യുഎസില്‍ എത്തിയത്. 17 വര്‍ഷമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നു.

വിമാനക്കമ്പനിയുടെ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് ഏപ്രില്‍ 30നു മുന്‍പായി റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്പനി സിഇഒ അറിയിച്ചു. ഉണ്ടായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. ഒരു യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റിയ നടപടിയില്‍ ക്ഷമചോദിക്കുന്നു. ഒരാള്‍ക്കും ഇനിയൊരിക്കലും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതെന്നും സിഇഒ വ്യക്തമാക്കി.

അധിക ബുക്കിങ് വന്നതോടെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ സീറ്റിലിരുന്ന യാത്രക്കാരനെ ബലംപ്രയോഗിച്ചു പുറത്താക്കിയത്. ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഷിക്കാഗോ വിമാനത്താവളത്തില്‍നിന്നു കെന്റക്കിയിലെ ലൂയിവില്ലിലേക്കുള്ള വിമാനത്തിലാണു സംഭവം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഉച്ചത്തില്‍ കരയുന്ന യാത്രക്കാരനെ കൈകളില്‍ പിടിച്ച് നിലത്തു വലിച്ചിഴയ്ക്കുന്നതു കാണാം.

യാത്രക്കാരന്റെ വായില്‍നിന്നു ചോര വരുന്നുണ്ടായിരുന്നു. മറ്റു വിമാനയാത്രക്കാര്‍ വിലക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു യാത്രക്കാരിയാണു വിഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സീറ്റുകള്‍ സ്വമേധയാ ഒഴിഞ്ഞുകൊടുക്കുന്നവര്‍ക്ക് വിമാനക്കമ്പനി അധികൃതര്‍ ആദ്യം 400 ഡോളര്‍ വാഗ്ദാനം ചെയ്തു. പിന്നീട് അത് 800 ഡോളറും ഹോട്ടല്‍ മുറിയുമായി. എന്നിട്ടും ഒരാളും സീറ്റൊഴിയാതെവന്നതിനെത്തുടര്‍ന്ന് യുണൈറ്റ!ഡ് മാനേജര്‍ വിമാനത്തിലെത്തി ഏതെങ്കിലും നാലു യാത്രക്കാരെ പുറത്താക്കുമെന്നു പ്രഖ്യാപിച്ചത്.

നാലുപേരുടെ പേരുകള്‍ ജീവനക്കാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മൂന്നുപേര്‍ സ്വമേധയാ വിമാനം വിട്ടു. പുറത്തുപോകാന്‍ കൂട്ടാക്കാതെ ഇരുന്ന നാലാമനെയാണു പൊലീസിനെ വിളിച്ചശേഷം ബലം പ്രയോഗിച്ചു കൊണ്ടുപോയത്. താന്‍ ഡോക്ടറാണെന്നും രാവിലെ തനിക്കു രോഗികളെ പരിശോധിക്കേണ്ടതുണ്ടെന്നും യാത്രക്കാരന്‍ വ്യക്തമാക്കിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.

 

എ എം

Share this news

Leave a Reply

%d bloggers like this: