ഉപഭോക്താവിന് പൂര്‍ണ സംരക്ഷണം ലഭിക്കുന്ന ചട്ടം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

ഡബ്ലിന്‍: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താവിന് പരിപൂര്‍ണ സംരക്ഷണം ലഭിക്കുന്ന ചട്ടം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങി ധനകാര്യം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപങ്ങള്‍ക്കും ബാധകമാകുന്ന ചട്ടമാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റിസ്‌ക് അസസ്‌മെന്റ് എന്നറിയപ്പെടുന്ന ഒരു കൂട്ടം നിയമാവലികള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞു.

ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളില്‍ ഉപഭോക്താവ് വഞ്ചിക്കപ്പെടാനോ, ചതിക്കപ്പെടാനോ പാടില്ലെന്നും സെന്‍ട്രല്‍ ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ കോര്‍ട്‌ഗേജ് പലിശ ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം ഈടാക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ ഗവേണിങ് ബോഡി ഒരു മാര്‍ഗ നിര്‍ദ്ദേശ രേഖ ഉടന്‍ തയ്യാറാക്കി ബാങ്കുകള്‍ക്കും, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയത്. ഈ നിയമാവലി ലംഖിക്കപെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് ശക്തമായ നിയമ നടപടികള്‍ നേരിടുങ്ങിയും വരും.

രാജ്യത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്നും പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി വന്‍ ലാഭം ഉണ്ടാക്കുന്നുണ്ട്. ഇതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന നിയമാവലി പ്രസിദ്ധപ്പെടുത്തിയത്. രാജ്യത്തെ ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെയും ഇത്തരം പരാതികള്‍ നിലവിലുണ്ട്.

ഏതൊരു ധനകാര്യ സ്ഥാപനത്തെ സമീപിച്ചാലും അവിടെ ഉപഭോക്താവിന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാര്‍ ആയാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ കഴിയുമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു. ചതിക്കപെട്ടാല്‍ ഉടന്‍ പരാതി നല്‍കാനും മടി കാണിക്കരുത്. അവകാശങ്ങളും സേവനങ്ങളും ഒരു പോലെ നിലനില്‍ക്കേണ്ടതാണെന്നും ബാങ്ക് നിരീക്ഷിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: