ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സ് സാറ്റ്ലൈറ്റ് സംവിധാനവുമായി മലേഷ്യ

വിമാനങ്ങള്‍ക്ക് സാറ്റ്ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നു. ഇതോടെ ഇത്തരത്തില്‍ സാറ്റ്ലൈറ്റ് നിരീക്ഷണം ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യത്തെ എയര്‍ലൈന്‍സായി മലേഷ്യന്‍ എയര്‍ലൈന്‍സ് മാറും. ഇതിനായി എയറോണ്‍ കമ്പനിയുമായി ധാരണയില്‍ എത്തി കഴിഞ്ഞു. ധ്രുവപ്രദേശങ്ങള്‍ അടക്കമുള്ള തികച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ പറക്കുമ്പോഴും വിമാനങ്ങളെ നിരീക്ഷിക്കുകയാണ് ലക്ഷ്യം.

2014ല്‍ കാണാതായ യാത്രാവിമാനം എംഎച്ച് 370 യുടെ ദുരന്തത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിരീക്ഷണ സംവിധാനത്തെക്കുറിച്ച് മലേഷ്യന്‍ എയര്‍വേസ് ആലോചിക്കുന്നത്. വിമാനം കാണാതായതിനെ ചൊല്ലി ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുകയുണ്ടായി. മലേഷ്യന്‍ വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇത്തരം ദുരന്തങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനാണ് ലക്ഷ്യം. മലേഷ്യന്‍ വിമാനത്തിനായി ഇന്ത്യന്‍ സമുദ്രത്തില്‍ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വ്യോമയാന ചരിത്രത്തിലെ ഉണങ്ങാത്ത മുറിപ്പാടായി ഈ ദുരന്തം അവശേഷിക്കുകയാണ്.

ഓസ്ട്രേലിയക്ക് തെക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് എംഎച്ച് 370 അപ്രത്യക്ഷമായതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്്. എംഎച്ച് 370ന്റെ ദുരന്തത്തിന് ശേഷമാണ് തങ്ങളുടെ വിമാനങ്ങള്‍ സാറ്റ്ലൈറ്റുകള്‍ വഴി നിരീക്ഷിക്കാനുള്ള സാധ്യതയെക്കുറിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സ് ചിന്തിക്കുന്നത്. തങ്ങളുടെ വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ സംവിധാനം ഉള്‍പ്പെടുത്താന്‍ വിമാനങ്ങളില്‍ അധിക സൗകര്യത്തിന്റെ ആവശ്യമില്ലാത്തത് നടപടികള്‍ വേഗത്തിലാക്കുന്നു. നിലവില്‍ വിമാനങ്ങള്‍ പറക്കുന്ന പ്രദേശത്തെ പ്രാദേശിക എയര്‍ നാവിഗേഷന്‍ സേവനങ്ങളുടെ സഹായത്തിലാണ് നിരീക്ഷണം നടത്തുന്നത്. ഇത്തരം നാവിഗേഷന്‍ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളാണ് പ്രധാനമായും സാറ്റ്ലൈറ്റ് നിരീക്ഷണത്തിന്റെ പരിധിയില്‍പെടുക.

 

 
എ എം

Share this news

Leave a Reply

%d bloggers like this: