മന്ത്രി എം എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് പെണ്‍പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി; മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മോശമായ പരാമര്‍ശത്തിലൂടെ സത്രീകളെ അപമാനിക്കുകയും തുടര്‍ന്ന് വിവാദത്തില്‍ പെടുകയും ചെയ്ത മന്ത്രി എം എം മണി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നുമാവശ്യപ്പെട്ട് പെണ്പിളൈ ഒരുമ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. പെണ്‍പിളൈ ഒരുമൈ സംഘടന നേതാക്കളായ ഗോമതി, കൗസല്യ തങ്കമണി എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകരെ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുകയും മണിക്കെതിരേ കേസെടുക്കാന്‍ ഇവര്‍ പോലീസ് മേധാവിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സമരം മൂന്നാം ദിനത്തിലെത്തി നില്‍ക്കെ മണി വന്ന് മാപ്പ് പറയാതെ പിന്നോട്ടില്ലെന്നാണ് വനിതാ നേതാക്കള്‍ പറയുന്നത്.

അടിമാലി ഇരുപതേക്കറിലെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ മന്ത്രി മണി മോശം പരാമര്‍ശം നടത്തിയത്. മൂന്നാറില്‍ പെണ്‍പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തിനിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മണി പറഞ്ഞത്.

എംഎം മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ് ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പ്രശ്നങ്ങള്‍ നന്നായി അറിയുന്ന ആളാണ് മണി. മണിയുടെ ചില പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രസ്താവനയെ പര്‍വതീകരിച്ച് രാഷ് ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎംമണിയുടെ സ്ത്രീത്വത്തിനെതിരായ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: