ഇന്ത്യന്‍ സാമ്പത്തീക രംഗം ഏറെ പിന്നില്‍; ഫിച്ച് റേറ്റിങ്ങില്‍ ഇന്ത്യ അവസാന തട്ടില്‍

ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയും വ്യവസായ അന്തരീക്ഷവും ഏറെ താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയിലുണ്ടാകുന്ന ഗണ്യമായ വര്‍ധനയാണ് ഗുരുതരമായ അവസ്ഥയ്ക്ക് കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ മാത്രമേ സാമ്പത്തിക ഭദ്രത കൈവിരിക്കാന്‍ കഴിയൂവെന്ന് ഫിച്ചിയുടെ റിപ്പോര്‍ട്ട് അടിവരയിടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനം 7.7 ശതമാനമായി വര്‍ധിക്കും. 2016 ല്‍ ഇത് 7.1 ശതമാനമായിരുന്നു. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോഴും സാമ്പത്തിക ഭദ്രതയും അനുകൂലമായ വ്യവസായ നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മോഡി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് ഫിച്ച് റിപ്പോര്‍ട്ട് പറയുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 7.1 ശതമാനം വര്‍ധനയുണ്ടാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനം വര്‍ധനയുണ്ടാകുമെന്നും ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (എസ്‌കാപ്പ്) ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ ഉപഭോഗത്തില്‍ ഉണ്ടാകുന്ന വര്‍ധനയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചെലവും പ്രതിവര്‍ഷം വര്‍ധിക്കുന്നു. ഇതാണ് മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയ്ക്കുള്ള മുഖ്യമായ കാരണം. അതുകൊണ്ട് തന്നെ വ്യാവസായിക വളര്‍ച്ച ഉണ്ടാകണമെന്നില്ല. പൊതുമേഖലാ ബാങ്കുകളുടെ തിരിച്ചടവില്ലാത്ത വായ്പകളിലെ വര്‍ധനയും നിഷ്‌ക്രിയ ആസ്തിയുടെ വളര്‍ച്ചയും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുന്നു. 2016 ല്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയുടെ തോത് 12 ശതമാനം വര്‍ധിച്ചു. ഇതിന്റെ ഭാഗമായി ബാങ്കുകളിലേക്ക് മൂലധനം കൂടുതലായി നിക്ഷേപിക്കേണ്ട അവസ്ഥയും വന്നു. ഇത് തികച്ചും അഭികാമ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

നോട്ടുകള്‍ പിന്‍വലിച്ച മോഡി സര്‍ക്കാരിന്റെ നടപടി 2016 വര്‍ഷത്തിന്റെ അവസാനപാദത്തിലും 2017 ന്റെ ആദ്യപാദത്തിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇത് തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിലുണ്ടായ കുറവും കാലതാമസവും വ്യവസായ മേഖലയെ ബാധിച്ചു. നോട്ടു പിന്‍വലിച്ചതിന്റെ ഭാഗമായുണ്ടായ സാമ്പത്തിക പ്രശ്‌നത്തില്‍ നിന്നുള്ള കരകയറ്റം വളരെ സാവധാനത്തിലാണ്. ഏറ്റവും പ്രതികൂലമായി ബാധിച്ചത് കാര്‍ഷിക മേഖലയെയും.

കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് മൂലധനച്ചെലവില്‍ ഇക്കുറി 25 ശതമാനം വര്‍ധന രേഖപ്പെടുത്തി. വ്യാവസായിക മേഖലയിലും ഉല്‍പാദന മേഖലയിലും വളര്‍ച്ച കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴുള്ള പ്രതിസന്ധി മറികടന്ന് സുസ്ഥിരമായ വികസനം കൈവരിക്കാന്‍ ഉല്‍പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് എസ്‌കാപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സംസാദ് അക്തര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാനങ്ങള്‍ ശക്തമാണെന്നും രാഷ്ട്രീയ സ്ഥിരതയുണ്ടെന്നും ഇതിന്റെ ഭാഗമായി നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലമായ സാഹചര്യങ്ങളാണുള്ളതെന്നും വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: