പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി

സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക് സൈന്യത്തിന്റെ കിരാത നടപടിക്കെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. ആദ്യഘട്ടത്തില്‍ കാശ്മീരില്‍ നിന്നും പാക് സൈന്യത്തിന് സഹായമെത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഇതിനായി 4000ല്‍ അധികം വരുന്ന സൈനിക അര്‍ദ്ധ സൈനിക പൊലിസ് ഉദ്യോഗസ്ഥരും നിരവധി ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തിരച്ചില്‍ തുടങ്ങി.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തിരച്ചില്‍ നടത്തി മടങ്ങുകയായിരുന്ന 62 രാഷ്ട്രീയ റൈഫിള്‍സ് സൈനിക സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഗ്രാമീണണന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ സജ്ജീകരണങ്ങളോടെ ഇവിടെ തിരച്ചില്‍ നടത്താന്‍ സൈന്യം തീരുമാനിച്ചത്. ഷോപ്പിയാനിലെ ഇരുപതോളം ഗ്രാമങ്ങള്‍ വളഞ്ഞ സൈന്യം ഇപ്പോള്‍ ഓരോ വീട്ടിലും കയറി പരിശോധന നടത്തുകയാണ്.

കാശ്മീരില്‍ 15 വര്‍ഷത്തിനിടെ നടത്തിയ ഏറ്റവും വലിയ തിരച്ചില്‍ അഥവാ കോംബിംഗ് ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു. സുരക്ഷിത താവളങ്ങളില്‍ നിന്നും ഭീകരരെ പുകച്ചു പുറത്തു ചാടിക്കാന്‍ ഇത്തരത്തിലുള്ള തിരച്ചില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴ്വരയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് തിരച്ചില്‍ നടത്തുന്നതെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് ഡല്‍ഹിയില്‍ പ്രതികരിച്ചു. കാശ്മീരില്‍ ഭീകരര്‍ ബാങ്കുകള്‍ കൊള്ളയടിക്കുകയും പൊലീസുകാരെ അക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനാണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: