വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ഇനി മുതല്‍ യാത്രാവിലക്ക്

പ്രശ്നക്കാരായ വിമാനയാത്രക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുവാന്‍ വ്യോമയാനമന്ത്രാലയം തയ്യാറെടുക്കുന്നു. ശിവസേന എംപി രവീന്ദ്രഗെയ്ക്ക്വാദ് വിമാനയാത്രയ്ക്കിടെ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദ്ദിച്ചതും ഗെയ്ക്ക്വാദിന് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കുഴപ്പക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ച് അവര്‍ക്ക് യാത്രവിലേക്കര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വ്യോമയാനമന്ത്രി അശോക് ഗണപതി രാജു വ്യക്തമാക്കി. ഇതിനായുള്ള കരട് ബില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്ക വിലക്കേര്‍പ്പെടുത്തും. ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗികമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയാണ് യാത്രാവിലക്കേര്‍പ്പെടുത്തുക. ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ട് വിലക്കേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും വ്യോമയാനമന്ത്രി വിശദീകരിക്കുന്നു,

വിലക്ക് ഫലപ്രദമായി ഏര്‍പ്പെടുത്തുന്നതിനായി വ്യോമയാത്ര ചെയ്യുന്നവര്‍ ആധാര്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്നൊരു നിര്‍ദേശം കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭ്യന്തരയാത്രക്കാര്‍ക്കുള്‍പ്പടെ ഈ നിര്‍ദേശം ബാധകമായിരിക്കും.

യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഒരു പോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതെന്നു മന്ത്രി അശോക് ഗണപതി രാജു വ്യക്തമാക്കി. കരട് ബില്‍ തയ്യാറാക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിയമനിര്‍മ്മാണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: