ഫ്രഞ്ച് തിരഞ്ഞെടുപ്പ് നാളെ; ആശങ്കയോടെ യൂറോപ്പ്യന്‍ യൂണിയന്‍

ഫ്രഞ്ച് പ്രസിഡന്റിനെ നിശ്ചയിക്കുന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ എന്‍ മാര്‍ഷ് പാര്‍ട്ടിയുടെ എമ്മാനുവേല്‍ മക്രോണിന്റെ വിജയത്തിനായി പ്രാര്‍ഥിച്ച് യൂറോപ്യന്‍ യൂണിയന്‍. അഭിപ്രായസര്‍വേകളില്‍ മുന്നിട്ടുനില്‍ക്കുന്ന ഇമ്മാനുവേല്‍ മാക്രോണ്‍ തെക്കന്‍ നഗരമായ റോഡെസിലാണ് പ്രചാരണം അവസാനിപ്പിച്ചത്. എതിര്‍സ്ഥാനാര്‍ഥി മരീന്‍ ലീ പെന്‍ പൊലീസ് ട്രേഡ് യൂണിയന്‍ പ്രതിനിധികളെയടക്കം നിരവധി സംഘടനാനേതാക്കളെ സന്ദര്‍ശിച്ചു. 1969നുശേഷം രണ്ടാംവട്ട വോട്ടെടുപ്പില്‍ ഏറ്റവും കുറവ് പോളിങ്ങാകും ഇത്തവണ രേഖപ്പെടുത്തുകയെന്നാണ് അഭിപ്രായസര്‍വേ പ്രവചിക്കുന്നത്.

ഏറെ സംഭവബഹുലമായ പ്രചാരണത്തിനാണ് തിരശ്ശീല വീണത്. കരീബിയനില്‍ തനിക്ക് ബാങ്ക് അക്കൌണ്ട് ഉണ്ടെന്ന ലീ പെന്നിന്റെ ആരോപണത്തിനെതിരെ മാക്രോണ്‍ കേസ് നല്‍കിയതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി. ബുധനാഴ്ച അവസാന ടെലിവിഷന്‍ സംവാദത്തിലാണ് ലീ പെന്‍ ആരോപണം ഉന്നയിച്ചത്. പിന്നീടിത് ഓണ്‍ലൈനില്‍ ചൂടേറിയ പ്രചാരണമായി. സംവാദത്തിലും സര്‍വേകളിലും മുന്നിട്ടുനിന്ന തനിക്കെതിരെ ബോധപൂര്‍വം ചമച്ച കെട്ടുകഥയാണിതെന്നാണ് മാക്രോണിന്റെ വാദം.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയാണ് ഇരു സ്ഥാനാര്‍ഥികളും പരസ്യപ്രചാരണത്തിന്റെ അവസാനദിനം ആരംഭിച്ചത്. പിന്നീട് ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. താന്‍ പ്രസിഡന്റായാല്‍ പ്രധാനമന്ത്രിയാകേണ്ടയാളെ നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇക്കാര്യം ആ വ്യക്തിക്കുപോലും അറിയില്ലെന്നും മാക്രോണ്‍ പറഞ്ഞു. ആദ്യ റൌണ്ടില്‍ പരാജയപ്പെട്ട നിക്കോളസ് ദുപോന്റ് എയ്ഗ്‌നന്‍ ആയിരിക്കും തന്റെ പ്രധാനമന്ത്രിയെന്ന് ലീ പെന്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്മാനുവല്‍ മാക്രോണ്‍ അപകടകാരിയായ സ്ഥാനാര്‍ഥിയാണെന്ന് എയ്ഗ്‌നന്‍ ആരോപിച്ചു.

പ്രസിഡന്റായാല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും യൂറോ നാണയത്തില്‍നിന്നും പിന്‍മാറുമെന്ന് ലീ പെന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതിരഞ്ഞെടുപ്പുകളില്‍ പൊതുവേ ഇടപെടാത്ത യൂറോപ്യന്‍ യൂണിയന്‍ ഇത്തവണ മക്രോണിനെ പിന്തുണച്ച് രംഗത്തെത്തി. സാമ്പത്തിക ഉദാരീകരണത്തെ അനുകൂലിക്കുന്ന മക്രോണ്‍ യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: