100 കോടി ക്യാമറകള്‍, ഏതു ചലനവും ഒപ്പിയെടുക്കാന്‍ അത്യാധുനിക സംവിധാനം; ഭാവിയിലെ നിരീക്ഷണ സംവിധാനം ഇങ്ങനെ

മെട്രോപോളിസ് ഇന്റലിജന്‍സ് വിഡിയോ അനലെറ്റിക്സ് സിസ്റ്റം എന്ന സംവിധാനമാണ് ഭാവിയിലെ നിരീക്ഷണ സംവിധാനവുമായി എന്‍വിഡിയ അവതരിപ്പിക്കുന്നത്. 100 കോടി ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണം നടത്താന്‍ കഴിവുള്ള പദ്ധതിയെന്നാണ് എന്‍വിഡിയ ഈ സംവിധാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

2020 ആകുമ്പോഴേക്കും എങ്ങനെയായിരിക്കും സിസിടിവികള്‍ പ്രവര്‍ത്തിക്കുകയെന്നതിന്റെ ചെറു വിഡിയോയും എന്‍വിഡിയ പുറത്തിറക്കിയിട്ടുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നും 30 കോടി ചിത്രങ്ങളാണ് ഓരോ നിമിഷവും എത്തുക. ഒരു മണിക്കൂറില്‍ 100 ട്രില്യണ്‍ വരും ഇത്. ആകാശത്തു നിന്നും ഡ്രോണുകള്‍ വഴിയും നിരീക്ഷണം നടക്കും. അള്‍ട്രാ എച്ച്ഡിയില്‍ തെരുവുകളുടെ വിശാലമായ കാഴ്ച്ചകളാണ് ഓരോ ക്യാമറയും ഒപ്പിയെടുക്കുക.

ട്രാഫിക് ബ്ലോക്കുള്ള പ്രദേശങ്ങളില്‍ നിന്നും ഗതാഗതം തിരിച്ചുവിടുന്നതിനും പാര്‍ക്കിങ് എവിടെയാണ് ഒഴിവെന്ന് കണ്ടെത്താനുമൊക്കെ ഇത്തരം സംവിധാനം സഹായിക്കും. ഓരോ ഉപഭോക്താക്കളും എന്താണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതെന്ന് വരെ ഇത്തരം സിസിടിവികള്‍ വഴി അറിയാനാകും. സിസിടിവികളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്ന നിലവിലെ രീതി മുഴുവാനായും മാറ്റുകയാണ് എന്‍വിഡിയയുടെ ലക്ഷ്യം.

ഒരേസമയം, വ്യത്യസ്ത വസ്തുക്കളെ നിരീക്ഷിക്കുന്നതിനും മുഖം കണ്ട് ഓരോരുത്തരേയും തിരിച്ചറിയുന്നതിനും എന്തെങ്കിലും അസ്വാഭാവികമായി സംഭവിക്കുന്നുണ്ടോ എന്ന് മനസിലാക്കുന്നതിനുമൊക്കെ എന്‍വിഡിയയുടെ സംവിധാനത്തിനാകും. യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലാക്കാം കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ നഷ്ടമായാല്‍ കണ്ടെത്താം എന്നു തുടങ്ങി ഏത് ബിസിനസ് തുടങ്ങിയാല്‍ ലാഭത്തിലാകുമെന്ന് വരെ പറയാന്‍ എന്‍വിഡിയക്കാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

നിലവില്‍ സുരക്ഷാക്യാമറകളിലെ ദൃശ്യങ്ങള്‍ പിന്നീടാണ് കൂടുതല്‍ വിശദമായ നിരീക്ഷണം നടത്തുക. ഒരുപാട് സമയനഷ്ടത്തിനിടയാക്കുന്ന കാര്യമാണിത്. ഈ വെല്ലുവിളിയും എന്‍വിഡിയയുടെ ആസ്ഥാന കേന്ദ്രം മറികടക്കുന്നു. തല്‍സമയം ദൃശ്യങ്ങള്‍ നിരീക്ഷിച്ച് സംശയമുള്ളവമാത്രം പരിശോധനക്ക് അയക്കുകയാണ് ഇവിടെ ചെയ്യുന്നത്. റോബോട്ടിക് ബുദ്ധി ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നതില്‍ എന്‍വിഡിയ നേരത്തെ തന്നെ മുന്‍പന്തിയിലാണ്. ഡ്രൈവറില്ലാ കാറുകളില്‍ ട്രാഫിക്സംവിധാനം സ്വയം പഠിച്ചെടുക്കുന്ന റോബോട്ടിക് സംവിധാനം സജ്ജീകരിച്ചും അവര്‍ നേരത്തെ ശ്രദ്ധേയരായിരുന്നു. വന്‍ വ്യവസായ മേഖലകളില്‍ ആകാശ മാര്‍ഗം നിരീക്ഷണം നടത്തുന്നതിന് ഡ്രോണുകളും ഇവര്‍ സജ്ജീകരിച്ചിട്ടുണ്ട്.

എന്‍വിഡിയയുടെ പങ്കാളി സ്ഥാപനമായ ബ്രീഫ് കാം നേരത്തെ സുരക്ഷാ സോഫ്റ്റ്വെയര്‍ ഓരോ വ്യക്തകളേയും വാഹനങ്ങളേയും നിരീക്ഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടിരുന്നു. കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുകയോ സുരക്ഷാമേഖലകളിലേക്ക് ആരെങ്കിലും അതിക്രമിച്ച് കടക്കുകയോ ചെയ്താല്‍ മുന്നറയിപ്പ് നല്‍കുന്നതാണ് സംവിധാനം. ഭരണകൂടത്തിന്റെ സിസിടിവികള്‍ക്ക് മുന്നില്‍ രഹസ്യങ്ങളില്ലാത്ത പൗരന്മാരായിരിക്കും ഭാവിയിലെന്നതിന്റെ വ്യക്തമായ സൂചനയാണ് എന്‍വിഡിയയുടെ പദ്ധതി.

https://youtu.be/rY1qmXda0Oo
എ എം

Share this news

Leave a Reply

%d bloggers like this: