ബ്രിട്ടനില്‍ വിജയിച്ചാല്‍ ബുര്‍ഖ നിരോധിക്കുമെന്ന് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബുര്‍ഖ നിരോധിക്കുമെന്ന് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെഐപി തയ്യാറാക്കിയ പ്രകടന പത്രികയിലാണ് ബുര്‍ഖ നിരോധം ഉള്‍പ്പെടുത്തിയത്. ബുര്‍ഖ നിരോധത്തിന് വിചിത്രമായ കാരണമാണ് യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നുളള വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് ബുര്‍ഖ തടസം സൃഷ്ടിക്കുന്നു. ആളെ തിരിച്ചറിയാന്‍ പ്രയാസം സൃഷ്ടിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ജനങ്ങള്‍ തമ്മിലുളള ആശയവിനിമയത്തിന് തടസം ഉണ്ടാക്കുന്നതായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു.

ബുര്‍ഖ പോലുളള വസ്ത്രങ്ങള്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നു. മനുഷ്യത്വമില്ലാത്ത ബുര്‍ഖയും പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതും നിരോധിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ വ്യക്തികളായി കാണാനുളള അവകാശത്തെ ബുര്‍ഖ തടയുന്നെന്നും പ്രകടനപത്രിയില്‍ പരാമര്‍ശമുണ്ട്. ഇതൊന്നും ശരിയായ കാര്യങ്ങളല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ സ്ത്രീകള്‍ക്കും അവസരങ്ങള്‍ തുറക്കുന്നതാണ് ലക്ഷ്യമെന്നും യുകെഐപി പ്രഖ്യാപിച്ചു. അടുത്തമാസം എട്ടിനാണ് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: