ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം ക്നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാര്‍ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തില്‍നിന്ന് വിരമിച്ചത്. പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

1928 സെപ്റ്റംബര്‍ 11ന് കടുത്തുരുത്തി കുന്നശ്ശേരില്‍ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1955 ഡിസംബര്‍ 21ന് കര്‍ദിനാള്‍ ക്ലമന്റ് മിക്കാറിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു.
റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി, ലാറ്ററന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നു ദൈവശാസ്ത്രത്തിലും കാനന്‍ നിയമത്തിലും ഉന്നത ബിരുദങ്ങളും ഡോക്ടറേറ്റും നേടിയ ശേഷമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. ബിഷപ് തോമസ് തറയിലിന്റെ സെക്രട്ടറി സ്ഥാനവും രൂപതയുടെ ചാന്‍സലര്‍ പദവിയും വഹിച്ചു.

തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് 1967 ഡിസംബര്‍ ഒന്‍പതിനു പോള്‍ ആറാമന്‍ മാര്‍പാപ്പാ കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിക്കുന്നത്. 1968 ഫെബ്രുവരി 24ന് മെത്രാനായി. 2005 മേയ് ഒന്‍പതിനാണു കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി നിയമിതനാകുന്നത്.

 

 

 

Share this news

Leave a Reply

%d bloggers like this: