ബാങ്കിടപാടുകള്‍ക്കും നികുതി റിട്ടേണിനും ആധാര്‍: നിബന്ധന പ്രവാസികള്‍ക്ക് ബാധകമല്ല

ഇന്ത്യയില്‍ ബാങ്കിടപാടുകള്‍ക്കും ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയതോടെ ആശങ്കയിലായിരിക്കുന്നത് ആധാറില്ലാത്ത ഇന്ത്യന്‍ പ്രവാസികളാണ്. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നേരത്തെ തന്നെ പ്രവാസികളെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്ത്യയിലെ എന്‍ആര്‍ഇ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിന്റെ പുതിയ നിബന്ധന തങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്ക ഇതിനോടകം നിരവധി പ്രവാസികള്‍ പങ്കുവെച്ചു കഴിഞ്ഞു.

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ ജൂണ്‍ 30നകം പാന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര ഉത്തരവ്. അല്ലാത്ത പക്ഷം പാന്‍കാര്‍ഡ് അസാധുവാകും. ജൂണ്‍ 30ന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വിദേശത്തുള്ള തങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി ഇന്ത്യക്കാര്‍.

എന്നാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനോ പാന്‍കാര്‍ഡിനായി അപേക്ഷിക്കുന്നതിനോ എന്‍ആര്‍ഐക്കാര്‍(ഇന്ത്യയില്‍ താമസമല്ലാത്ത ഇന്ത്യക്കാര്‍) 2017 ജൂലൈ 1 മുതല്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മെയ് 11 ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പ്രത്യക്ഷ നികുതികള്‍ക്കുള്ള കേന്ദ്ര ബോര്‍ഡും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ആര്‍ഐകള്‍ ആധാര്‍ കാര്‍ഡിന് യോഗ്യരല്ലെന്നും അതിനാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്നും പ്രവാസികളെ ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നുമുള്ള കാര്യം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിശദീകരണം നടത്തിയത്.

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനോ സിം കാര്‍ഡ് എടുക്കുന്നതിനോ ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് അബുദബിയിലെ ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. അപേക്ഷകന്റെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് തെളിവായുള്ള നിരവധി രേഖകളില്‍ ഒന്ന് മാത്രമാണ് ആധാറെന്നും എംബസി അറിയിച്ചു. പുതിയ ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ഈ വിശദീകരണത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമപ്രകാരം എന്‍ആര്‍ഐകള്‍ ആധാറിന് യോഗ്യരല്ലാത്ത സ്ഥിതിക്ക് പുതിയ നിബന്ധനകള്‍ പ്രവാസികളെ ബാധിക്കില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: