പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയേക്കും

അഫ്ഗാന്‍ മേഖലയിലുണ്ടാകുന്ന തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് പാകിസ്താനെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകളെന്ന് സംശയിക്കപ്പെടുന്ന പാക് മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്ന കാര്യം വരെ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

യുഎസ് ഡ്രോണ്‍ ആക്രമണം ഈ മേഖലയിലേക്ക് വ്യാപിപ്പിക്കാനും നാറ്റോ സഖ്യത്തിന് പുറത്തുള്ള രാജ്യങ്ങളില്‍ പാകിസ്താനുമായുള്ള സൗഹൃദം കുറച്ചുകൊണ്ടുവരാനുമാണ് ആലോചിക്കുന്നത്. പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അമേരിക്ക പാകിസ്താന് നല്‍കിവരുന്ന സഹായം വെട്ടിക്കുറയ്ക്കാനുമെല്ലാം അമേരിക്ക ഒരുങ്ങുന്നതായി യുഎസ് ഉന്നതോദ്യോഗസ്ഥരാണ് പറഞ്ഞിട്ടുള്ളത്.

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തോട് നിരന്തരം പോരടിക്കുന്ന താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരരെ ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമം തുടരുകയാണ്. പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയാണ് ഇതെങ്കിലും അമേരിക്കന്‍ സൈന്യത്തില്‍ ഇത് മിക്കവരും ചര്‍ച്ച ചെയ്യുന്നില്ല. പാകിസ്താനുമായുള്ള മികച്ച നയതന്ത്രബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്ന യുഎസ് ഉന്നതോദ്യോഗസ്ഥര്‍ എന്നാല്‍ ഈ മേഖലയിലെ ആഭ്യന്തര ഭീകരത കൊണ്ട് ബന്ധങ്ങള്‍ വഷളാകുമെന്ന് ഭയക്കുന്നതായും പറയുന്നുണ്ട്.

പ്രസ്താവനയോട് പാകിസ്താനോ അമേരിക്കയോ പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ പെന്റഗണ്‍ വാര്‍ത്താകുറിപ്പ് ഇറക്കുമെന്നാണ് വാര്‍ത്താ ഏജന്‍സി പറയുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും പങ്കാളികളായി തുടരുമെന്നും പെന്റഗണ്‍ വക്താക്കള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ യുദ്ധസമാനമായ അവസ്ഥയാണ് അമേരിക്കയുടെ പ്രധാന തലവേദന. പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമാണെന്നും വിലയിരുത്തുന്നുണ്ട്. പ്രവര്‍ത്തി പരിചയമുള്ള സൈനികരും പറയുന്നത് പാകിസ്താനാണ് തീവ്രവാദികളുടെ സുരക്ഷിത താവളമെന്നാണ്. താലിബാനുമായി ബന്ധമുള്ള അനേകം തീവ്രവാദികള്‍ ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നതായി അവര്‍ പറയുന്നു.

പാകിസ്താനോടുള്ള നയതന്ത്രത്തെ കുറിച്ച് തങ്ങള്‍ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും പാകിസ്താനില്‍ നിന്നും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് അതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ തീരുമാനവും വന്നിരിക്കുന്നത്. തങ്ങളുമായുള്ള ബന്ധം കുറച്ച് ഇന്ത്യയോട് അമേരിക്ക കൂടുതല്‍ അടുക്കുന്നത് പാകിസ്താനെ ഭീതിപ്പെടുത്തുന്നുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: