എയര്‍ ഇന്ത്യയെ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

വന്‍നഷ്ടം നേരിടുന്ന എയര്‍ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടെ എയര്‍ ഇന്ത്യയെ വാങ്ങുവാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. എയര്‍ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുവാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 52,000-ത്തിലേറെ കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളതെന്നാണ് കണക്ക്.

ഈ നിര്‍ദേശത്തെ പിന്തുണച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ വഴികളും തേടണമെന്ന് വ്യോമയാനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ ആലോചിക്കുകയാണെങ്കില്‍ ടാറ്റ ഗ്രൂപ്പ് സന്തോഷപൂര്‍വ്വം ആ ശ്രമത്തില്‍ പങ്കുചേരുമെന്ന് 2013-ല്‍ അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയര്‍ാന്‍ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു.

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉടമ ടാറ്റ എയര്‍ലൈന്‍സാണ് സ്വാതന്ത്ര്യാനന്തരം 1948-ല്‍ എയര്‍ഇന്ത്യയായി മാറിയത്. കേന്ദ്രസര്‍ക്കാര്‍ – ടാറ്റ ഗ്രൂപ്പ് സംയുക്ത സംരഭമായി പ്രവര്‍ത്തിച്ച ഈ സ്ഥാപനം 1953-ലാണ് ദേശസാത്കരണം വഴി സര്‍ക്കാരിന് സ്വന്തമായത്. നിലവില്‍ ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഏഷ്യയിലും, വിസ്താര എയര്‍ലൈന്‍സിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്

50,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. 28,000 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന ബാധ്യതയും, പലിശ ഇനത്തില്‍ 4,000 കോടി രൂപയുടെ ബാധ്യതയും എയര്‍ ഇന്ത്യക്കുണ്ട്. 2007 മുതലുള്ള പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും എയര്‍ ഇന്ത്യ ലാഭത്തിലെത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുങ്കിലും, കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് അതെല്ലാം പരാജയപ്പെട്ടതോടെയാണ് കമ്പനി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും, വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ പരസ്യപ്പെടുത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി പങ്കാളിത്തം 35 ശതമാനത്തില്‍ നിന്നും 14 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. കമ്പനിയുടെ വന്‍ കടബാധ്യത ടാറ്റ ഗ്രൂപ്പിനെ അലട്ടുന്നുണ്ടെങ്കിലും ഈ 14 ശതമാനം വിപണി വിഹിതത്തിലാണ് അവര്‍ മൂല്യം കാണുന്നത്. എയര്‍ ഇന്ത്യയുടെ കടബാധ്യത വെട്ടിച്ചുരുക്കുമെന്ന് സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: