ഐഎസ്ആര്‍ഒ 31 ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച വിക്ഷേപിക്കും

ജിഎസ്എല്‍വി മാര്‍ക്ക് 3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഒരു മാസം പിന്നിടുന്നതിനു മുന്‍പ് ബഹിരാകാശ രംഗത്തെ പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 സീരീസ് സാറ്റലൈറ്റ് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആര്‍ഒ വെള്ളിയാഴ്ച്ച ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങുന്നത്.

കാര്‍ട്ടോസാറ്റ്-2ഇ എന്ന ഭൗമ ഉപഗ്രഹവും 30 നാനോ ഉപഗ്രഹങ്ങളും നാളെ രാവിലെ 9.29ന് ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററിലെ ഒന്നാമത്തെ ലോഞ്ചിംഗ് പാഡില്‍ നിന്ന് കുതിച്ചുയരും. ഇതില്‍ 29 എണ്ണം വിദേശ നാനോ ഉപഗ്രഹങ്ങളും ഒരെണ്ണം ഇന്ത്യന്‍ ഉപഗ്രഹവുമാണ്. ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യുകെ, യുഎസ് എന്നീ 14 രാഷ്ട്രങ്ങളില്‍ നിന്നാണ് 29 ഉപഗ്രഹങ്ങള്‍. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.

243 കിലോ ഗ്രാമാണ് 30 നാനോ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം. ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 കൂടി ഉള്‍പ്പെടുമ്പോള്‍ 31 ഉപഹ്രഹങ്ങളുടെയും ഭാരം ഏകദേശം 955 കിലോ ഗ്രാം വരുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുള്ളത്. 712 കിലോ ഗ്രാം ഭാരം വരുന്നതാണ് കാര്‍ട്ടോസാറ്റ്-2 സീരീസ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2ഇ. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ കാമറകള്‍ സ്ഥിരമായി റിമോട്ട് സെന്‍സിംഗ് സേവനം നല്‍കിക്കൊണ്ടിരിക്കും.

കാര്‍ട്ടോഗ്രാഫിക് ആപ്ലിക്കേഷനുകള്‍, അര്‍ബന്‍ ആന്‍ഡ് റൂറല്‍ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂമിയുടെ ഉപയോഗം, നിയന്ത്രണം, ലാന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ സംവിധാനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിത്രങ്ങളായിരിക്കും കാര്‍ട്ടോസാറ്റ് അയയ്ക്കുന്നത്. ഇത് ജിഐഎസ് ആപ്ലിക്കേഷനുകള്‍ക്കും സഹായകമാവും. അന്താരാഷ്ട്ര ഉപഭോക്താക്കളും ഐഎസ്ആര്‍ഒയുടെ വാണിജ്യ സംരംഭമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മിലുള്ള ഡീലുകളുടെ ഭാഗമായാണ് 29 വിദേശ നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: