കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ചര്‍ച്ച ഇന്ന്

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് വ്യവസായ ബന്ധ സമിതി ഇന്നു ചര്‍ച്ച നടത്തും. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുടെ പ്രതിനിധികളും പങ്കെടുക്കും. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്‌സുമാരുടെ മുന്നറിയിപ്പ്. സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. 2016 ജനുവരി 29നാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായത്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.2016 ജനുവരി മുതല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പിടിവാശി മൂലം അനന്തമായി നീളുകയാണെന്നാണ് മനസിലാക്കുന്നത്. സാധാരണ തൊഴിലാളികള്‍ക്കുപോലും 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നേഴ്സുമാര്‍ക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. ഇതുമൂലം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നേഴ്സുമാര്‍ പെടാപ്പാട് പെടുകയാണ്.

സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നേഴ്സിങ്ങ് ചാര്‍ജിനത്തില്‍ രോഗിയില്‍നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുച്ഛവേതനം നല്‍കി നേഴ്സുമാരെ കബളിപ്പിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ച കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് നല്‍കേണ്ട മിനിമം വേതനമായ 20,000 രൂപ പോലും പ്രതിമാസം നല്‍കാന്‍ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ് മെന്റുകളുടെ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കോതമംഗലം സമരം അടക്കമുള്ള നേഴ്സിങ് സമൂഹം നടത്തിയ ഐതിഹാസിക സമരങ്ങളില്‍ വി എസ്സിന്റെ സാന്നിദ്ധ്യം ആണ് ഒത്തുതീര്‍പ്പിനു വഴിയൊരുക്കിയിരുന്നത് .പിസി ജോര്‍ജ് അടക്കമുള്ള നിരവധിപേര്‍ ഇതിനകം നേഴ്സിങ് സമൂഹത്തിന്റെ സമരത്തിന് പിന്തുണ അര്‍പ്പിച്ചു രംഗത്തെത്തിയിട്ടുണ്ട് .എന്നാല്‍ വിഎസ് രംഗത്ത് വരുന്നതോടെ പൊതു സമൂഹം നേഴ്സിങ് സമൂഹത്തോടൊപ്പം അണി നിരക്കും എന്ന പഴയകാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചു ശമ്പള വര്‍ധനവ്അംഗീകരിക്കാന്‍ ആശുപത്രി മാനേജുമെന്റുകള്‍ തയ്യാറാവുമെന്നാണ് സൂചന .

നിലവില്‍ പല ആശുപത്രികളും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് .അത്തരം സ്ഥാപനങ്ങളില്‍ യു എന്‍ എ സമരം പിന്‍വലിച്ചിട്ടുമുണ്ട്.എന്തായാലും വി എസ്സിന്റെ പിന്തുണ നേഴ്സിങ് സമൂഹത്തിനു ഒരു ജീവ വായുവാണ് .ഇതോടെ മാധ്യമങ്ങളും ജനങ്ങളും കൂടുതല്‍ ശക്തമായി സമരത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നാണ് നേഴ്സിങ് സമൂഹം പ്രതീക്ഷിക്കുന്നത്.

നഴ്സുമാരുടെ ശരാശരി ശമ്പളം നിലവിലുള്ള ശമ്പളമായ 13,000 ത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വര്‍ധന നിലവില്‍ വരുന്നതോടെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി ഉയരുമെന്നും സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നല്‍കിയ മറുപടി. ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീണ്ടതിനേത്തുടര്‍ന്ന് 158 ആശുപത്രികളില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞ സാഹചര്യത്തിലാണ് വ്യവസായ ബന്ധ സമിതി ചേരുന്നത്.

എന്നാല്‍ അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നല്‍കില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. പനി പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരത്തിലേയ്ക്ക് നീങ്ങിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇന്നു കര്‍ശന നിലപാട് സ്വീകരിക്കുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: