ഇന്ത്യയിലെ ട്രെയ്ന്‍ യാത്ര നിരക്ക് ഉടന്‍ വര്‍ധിക്കും; അനുമതി നല്‍കി പ്രധാനമന്ത്രി

യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റെയ്ല്‍വേക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനാണ് റെയ്ല്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. റെയ്ല്‍വെയുടെ പ്രവര്‍ത്തന വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി റെയ്ല്‍വേ മന്ത്രാലയത്തിലെ വിവിധ പ്രതിനിധികളുമായി പ്രധാനമന്ത്രി മോദി ഏപ്രിലില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ നിരക്കുവര്‍ധന സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിരക്കു വര്‍ധനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഒരു വ്യവസായ സ്ഥാപനം എന്ന നിലയില്‍ നിലനിന്നു പോകുന്നതിന് കാലാകാലങ്ങളില്‍ ക്രമാനുഗതമായി ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാണ് ഏപ്രിലില്‍ നടന്ന യോഗത്തിലുണ്ടായ ധാരണ എന്നാണ് സൂചന. യാത്രികര്‍ക്ക് മികച്ച സേവനവും സുരക്ഷിതത്വവും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പാക്കണമെങ്കില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്ന നിലപാടാണ് റെയ്ല്‍വേക്കുള്ളത്.

കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയ്നുകളിലും എസി ക്ലാസുകളിലും തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന സമ്പ്രദായം റെയ്ല്‍വേ അവതരിപ്പിച്ചിരുന്നു. ജനറല്‍, നോണ്‍ എസി സ്ലീപ്പര്‍ വിഭാഗങ്ങളില്‍ ഇത് ബാധകമാക്കിയിരുന്നില്ല. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റയുടനാണ് ഇതിനുമുമ്പ് ജനറല്‍ സ്ലീപ്പര്‍, സീസണ്‍ ടിക്കറ്റുകളുടെ നിരക്കുകളില്‍ വര്‍ധനയുണ്ടായത്.

നിരക്കു വര്‍ധന സംബന്ധിച്ച് റെയ്ല്‍ വേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ യാത്രാ സേവനങ്ങളില്‍ എസി ത്രീ ടയര്‍ ടിക്കറ്റുകള്‍ മാത്രമാണ് ലാഭകരമായിട്ടുള്ളതെന്നാണ് റെയ്ല്‍വേ വൃത്തങ്ങള്‍ പറയുന്നത്. ചെലവിന്റെ 57 ശതമാനം മാത്രമാണ് പാസഞ്ചര്‍ സര്‍വീസുകളില്‍ നിന്ന് ലഭിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു

 
എ എം

Share this news

Leave a Reply

%d bloggers like this: