ഗുരുത രോഗം ബാധിച്ച മകള്‍ക്ക് വേണ്ടി ശവക്കുഴി തയ്യാറാക്കി ഒരു പിതാവ്

മകള്‍ ജീവനോടെയിരിക്കുമ്പോള്‍ അവള്‍ക്ക് വേണ്ടി ‘ശവക്കുഴി’ തയ്യാറാക്കിയിരിക്കുകയാണ് ഒരു പിതാവ്. മകള്‍ക്കൊപ്പം ഈ അച്ഛനും അധികവും സമയം ചെലവഴിക്കുന്നതാകട്ടെ ഇവിടെയും. ചൈനയിലെ സിഷുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഴാങ് ലിയോങ് എന്ന യുവാവാണ് ഗുരുതരമായ രോഗം ബാധിച്ച മകള്‍ക്ക് വേണ്ടി ശവക്കുഴി തയ്യാറാക്കിയത്. അപൂര്‍വമായി കണ്ടുവരുന്ന ബ്ലഡ് ഡിസോഡറാണ് കുട്ടിക്ക്. നിരവധി ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ഴാങ് പറയുന്നത്. ഇനി ചികിത്സിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഴാങ് നിറകണ്ണുകളോടെ പറയുന്നു.

എല്ലാ ദിവസവും ഴാങും ഭാര്യയും മകളുമായി ഇവിടെയെത്തും. കുഞ്ഞിന്റെ കൈയില്‍ അവള്‍ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുമുണ്ട്. എന്തിനാണ് തങ്ങള്‍ അവിടെ എത്തിയിരിക്കുന്നതെന്ന് മനസിലാക്കാനുള്ള പ്രായം അവള്‍ക്കില്ല. അത് ചോദിക്കാനും അവള്‍ക്കറിയില്ല. അച്ഛനും അമ്മയും കൂടെയുള്ളപ്പോള്‍ അവള്‍ക്ക് ഏതിടവും സ്വര്‍ഗമാണ്. മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഴാങ്ങിനും ഭാര്യയ്ക്കും അറിയാം. അവളുടെ അവസാന ദിനങ്ങള്‍ മറ്റെവിടെയെങ്കിലും ചിലവഴിച്ചുകൂടെ എന്ന് ചോദിച്ചാല്‍ ഴാങിന് നല്‍കാന്‍ മറുപടിയുണ്ട്. ‘അവള്‍ ഭാവിയില്‍ വിശ്രമിക്കേണ്ടത് ഇവിടെയാണ്. അവള്‍ക്ക് ഈ സ്ഥലവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അതിന് വേണ്ടി തങ്ങള്‍ക്ക് ഇങ്ങനെ ചെയ്തേ മതിയാകൂ’, ഴാങ് പറയുന്നു.

മകളുടെ ചികിത്സയ്ക്കായി 100,000 യുവാനാണ് (ഏകദേശം 9,49394 രൂപ) ഴാങ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി ഒരു ചികിത്സയ്ക്ക് തങ്ങള്‍ക്കാവില്ലെന്നാണ് ഇവര്‍ പറയുന്നത്. കര്‍ഷകനായ ഴാങിന് തുച്ഛമായ വരുമാനമാണുള്ളത്. തങ്ങളുടെ ആകെയുള്ള സമ്പാദ്യങ്ങളും കടംവാങ്ങിയും മറ്റുമാണ് മകളെ ഇവര്‍ ചികിത്സിച്ചത്. തങ്ങളുടെ നിസഹായവസ്ഥ മനസിലാക്കി ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഴാങും ഭാര്യയും.

https://youtu.be/Hmt8USL1WMQ
എ എം

Share this news

Leave a Reply

%d bloggers like this: