വത്തിക്കാനിലെ കത്തോലിക്ക പുരോഹിതനെതിരെ ലൈംഗിക പീഡനത്തിന് കേസ്; ആരോപണം നിഷേധിച്ച് പുരോഹിതന്‍

വത്തിക്കാനിലെ കത്തോലിക്ക പരോഹിതന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ ഓസ്ട്രേലിയന്‍ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്?ഥാനത്തിലാണ് കേസെടുത്തത് എന്ന് വിക്ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റന്‍ പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ പെല്‍ ആരോപണം നിഷേധിച്ചു.മെല്‍ബണിലും സിഡ്നിയിലും ആര്‍ച്ച് ബിഷപ്പ് ആയി സേവനമനുഷ്ഠിക്കുന്ന സമയങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഢന പരാതികളില്‍ പെല്‍ കുറ്റാരോപിതര്‍ക്കനുകൂലമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നു പരാതിയുണ്ട്. പിന്നീട് ലൈംഗികാരോപണങ്ങള്‍ പെല്ലിനുനേരെ തന്നെ തിരിയുകയുമുണ്ടായി.

എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ എല്ലാം കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിക്കുന്നതായി സിഡ്നി കത്തോലിക്ക അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 76 കാരനായ പെല്‍ ഉടന്‍ തന്നെ ഓസ്ട്രേലിയയിലേക്കു പോകുമെന്നും കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കര്‍ദിനാളുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. പെല്ലിനെതിരേയുള്ള പരാതികളൊന്നും ഒരു കോടതിയിലും ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ലെന്നും തന്റെ ഭാഗം വ്യക്തമാക്കാന്‍ പെല്ലിന് പൂര്‍ണ അവകാശമുണ്ടെന്നും പൊലീസ് കമ്മിഷണര്‍ ഷെയ്ന്‍ പാറ്റണ്‍ മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റോമില്‍ കഴിയുന്ന വത്തിക്കാന്‍ ട്രഷററാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ലി. അദ്ദേഹം ജൂലൈ 18ന് മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.  കഴിഞ്ഞമാസം പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കര്‍ദിനാള്‍ പെല്ലിനെതിരെ കേസ് ചാര്‍ജ് ചെയ്തത്. കര്‍ദിനാളിന് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: