ജിഎസ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍; കേരളത്തില്‍ 2.62 ലക്ഷം വ്യാപാരികള്‍ ജിഎസ്ടിയിലേക്ക്

ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി ചരക്കുസേവന നികുതി(ജിഎസ്ടി) സമ്പ്രദായം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നികുതി ഘടനയിലെ വലിയ മാറ്റം വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ അമിതാഭ് ബച്ചന്‍ വരെ വിവിധ മേഖലകളിലുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരു മണിക്കൂറില്‍ താഴെ നീളുന്ന യോഗം രാത്രി 10.45ന് ആരംഭിക്കും.

രാജ്യം ജി.എസ്.ടി.യിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍നിന്ന് ഈ ശൃംഖലയിലെത്തുന്നത് 2.62 ലക്ഷം വ്യാപാരികളാണ്. വാറ്റ് രജിസ്ട്രേഷന്‍ ഉണ്ടായിരുന്ന കേരളത്തിലെ എല്ലാ വ്യാപാരികള്‍ക്കും ജി.എസ്.ടി.യില്‍ കച്ചവടം തുടരാനാവും. ജി.എസ്.ടി. ശൃംഖലയിലേക്ക് മാറിയവര്‍ക്ക് വരുംദിവസങ്ങളില്‍ താത്കാലിക സര്‍ട്ടിഫിക്കറ്റ് ഇ മെയില്‍ വഴി നല്‍കും. ശൃംഖലയില്‍ പ്രവേശിക്കാന്‍ തടസ്സം നേരിട്ടവര്‍ക്ക് താത്കാലിക തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചും വ്യാപാരം നടത്താം.

കേരളത്തിലെ ചെക്ക്പോസ്റ്റുകള്‍ ശനിയാഴ്ചമുതല്‍ വിവരശേഖരണ കേന്ദ്രങ്ങളായിരിക്കും. പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളെപ്പറ്റിയുള്ള ഡിക്ലറേഷന്‍ ഇവിടങ്ങളില്‍ സ്വീകരിക്കും. പരിശോധന ഉണ്ടാവില്ല. ഈ ഡിക്ലറേഷന്‍ വാണിജ്യനികുതി ഓഫീസില്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ തുടര്‍ പരിശോധനകള്‍ നടത്തും. ചെക്ക്പോസ്റ്റുകള്‍ക്ക് ഡിക്ലറേഷന്‍ സ്വീകരിക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം തയ്യാറായി. ഇലക്ട്രോണിക് വേ ബില്‍ സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരാനാണ് കേന്ദ്രനിര്‍ദേശം. പുറത്തുനിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ അതിന്റെ വിവരങ്ങള്‍ നിലവിലുള്ള വാറ്റ് വെബ്സൈറ്റില്‍ നല്‍കണം. ഡിക്ലറേഷന്‍ ചെക്ക്പോസ്റ്റിലും കാണിക്കണം.

ചെക്ക്പോസ്റ്റിലെ ജീവനക്കാരെ ഉള്‍പ്പെടെ പുനര്‍വിന്യസിപ്പിച്ച് വാണിജ്യനികുതി വകുപ്പ് സമഗ്രമായി പരിഷ്‌കരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. അന്തസ്സംസ്ഥാന ചരക്ക് വാഹനങ്ങളെ നിരീക്ഷിക്കാന്‍ അതിര്‍ത്തിയിലെ വഴികളില്‍ തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ വാറ്റ് രജിസ്ട്രേഷനുള്ള എല്ലാവര്‍ക്കും താത്കാലിക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞതായി വാണിജ്യനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉടന്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: