ആധാര്‍ ബന്ധിപ്പിക്കാനെന്ന പേരില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്

ആധാര്‍ ബന്ധിപ്പിക്കാനെന്ന പേരില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി തട്ടിപ്പ്. കണ്ണൂര്‍ സൈബര്‍ സെല്ലിനു കഴിഞ്ഞ മൂന്നു ദിവസത്തിനകം ലഭിച്ച നാലു പരാതികളിലായി ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി സൂചനയുണ്ട്. പരിയാരത്തെ ഒരു വനിതാ ഡോക്ടര്‍, ചക്കരക്കല്ലിലെ വീട്ടമ്മ, മട്ടന്നൂര്‍ സ്വദേശിയായ ഒരാള്‍, തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണു പണം നഷ്ടപ്പെട്ടത്.

ആധാറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാനെന്ന പേരില്‍ ഫോണിലൂടെ വണ്‍ടൈം പാസ്വേഡ് ചോര്‍ത്തിയെടുത്താണു തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനിരയായവരുടെ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു ലഭിച്ചതെങ്ങനെയന്നതു ദുരൂഹതയുയര്‍ത്തുന്നു. അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്നാണെന്നും റിസര്‍വ് ബാങ്കില്‍ നിന്നാണെന്നും പറഞ്ഞു നല്ല മലയാളത്തിലാണു ഫോണ്‍ വിളികളെത്തിയത്. ഫോണ്‍വിളികള്‍ നടത്തിയതു ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണെന്നു സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ആരാണ് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയതെന്നു വ്യക്തമായിട്ടില്ല.

പരിയാരത്തെ വനിതാ ഡോക്ടര്‍ക്ക് 39,000 രൂപയാണു നഷ്ടമായത്. ഡോക്ടര്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ നിന്നാണെന്നും ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പറഞ്ഞാണു തുടങ്ങിയത്. അക്കൗണ്ട് നമ്പറടക്കമുള്ള വിശദാംശങ്ങളും ഫോണ്‍ വിളിച്ചവര്‍ വ്യക്തമായി പറഞ്ഞു. അക്കൗണ്ട് എടുത്ത ശാഖയില്‍ തന്നെ പോയി ആധാറുമായി ബന്ധിപ്പിക്കാമെന്നും അതു ബുദ്ധിമുട്ടാണെങ്കില്‍ ഫോണില്‍ ഇപ്പോള്‍ വരുന്ന വണ്‍ടൈം പാസ്വേഡ് പറഞ്ഞു തന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന്, ദൂരെയുള്ള ബാങ്ക് ശാഖയില്‍ പോകാനുള്ള ബുദ്ധിമുട്ടോര്‍ത്ത്, പാസ്വേഡിനു വനിതാ ഡോക്ടര്‍ സമ്മതം മൂളുകയായിരുന്നു. ഫോണില്‍ ലഭിച്ച പാസ്വേഡ് പറഞ്ഞു കൊടുത്തു നിമിഷങ്ങള്‍ക്കകം തന്നെ അക്കൗണ്ടില്‍ നിന്നു തുക നഷ്ടപ്പെട്ടു.

മട്ടന്നൂര്‍ സ്വദേശിക്കു രണ്ടു തവണയായി 29,000 രൂപയാണു നഷ്ടപ്പെട്ടത്. രണ്ടു തവണയും പാസ്വേഡ് പറഞ്ഞു കൊടുക്കുകയായിരുന്നു. ഒരു തവണ ചെയ്തതു ശരിയായിട്ടില്ലെന്നു പറഞ്ഞാണു വീണ്ടും വിളിച്ചത്. തലശ്ശേരി കോടതിയിലെ ഒരു ഉദ്യോഗസ്ഥനു 19,900 രൂപ വീതം രണ്ടു തവണ നഷ്ടപ്പെട്ടു. ചക്കരക്കല്ലിലെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ടത് 19,500 രൂപയാണ്. റിസര്‍വ് ബാങ്കില്‍ നിന്നു വിളിക്കുന്നുവെന്നാണ് ഇവരോടു പറഞ്ഞത്.

അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ടിലെ തുകയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വച്ചാണ് തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങിയ സാധനങ്ങള്‍ ഏതു മേല്‍വിലാസത്തിലേക്കാണെത്തുന്നതെന്നു കണ്ടുപിടിക്കുക പ്രയാസമാണെന്നു പൊലീസ് അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: