ജിഎസ്ടി കേരളത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇങ്ങനെ; ആശയക്കുഴപ്പം തുടരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ ജിഎസ്ടി (ഏകീകൃത ചരക്ക് നികുതി) കേരളത്തിനു വലിയ നേട്ടമാകുമെന്നു പ്രതീക്ഷ. രാജ്യത്താകമാനം ഒരു നികുതിഘടന കൊണ്ടുവരുന്ന ജി.എസ്.ടി വലിയ മാറ്റത്തിനാണ് വഴിയൊരുക്കുക എന്നതാണ് ശരി. അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ സ്ലാബുകളാണ് ജി.എസ്.ടിയില്‍ വരുക.

വാറ്റ് പരിധിയിലുണ്ടായിരുന്ന സംസ്ഥാനത്തെ വ്യാപാരികളില്‍ 90 ശതമാനത്തോളം ഇതിനകം ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഒരേ നികുതി അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേസയം ചുമത്തുന്ന രണ്ടുതരത്തിലുള്ള ജി.എസ്.ടിയാണ് നടപ്പാവുക. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള കൈമാറ്റത്തിന് കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സംസ്ഥാന ജി.എസ്.ടിയും. അന്തര്‍ സംസ്ഥാന കൈമാറ്റങ്ങളില്‍ ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി) എന്ന പേരിലും നികുതി ചുമത്തും.

കേന്ദ്ര നികുതികളായ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, അധിക എക്സൈസ് ഡ്യൂട്ടി, അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, കേന്ദ്ര സര്‍ചാര്‍ജുകളും സെസുകളും സംസ്ഥാന നികുതികളായ മൂല്യവര്‍ധിത നികുതി (വാറ്റ്), കേന്ദ്ര വില്‍പന നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, വാങ്ങല്‍ നികുതി, ലോട്ടറി, ചൂതാട്ടം, വാതുവെപ്പ് എന്നിവയില്‍ ചുമത്തുന്ന നികുതി, സംസ്ഥാനം ഏര്‍പ്പെടുത്തുന്ന സര്‍ചാര്‍ജുകളും സെസും എന്നിവ.

എക്സൈസ് നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, തൊഴില്‍ നികുതി, വാഹനനികുതി, ഏതാനും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി, കേന്ദ്ര നികുതികളായ കസ്റ്റം തീരുവ, ഗവേഷണ, വികസന സെസ് എന്നിവ. നിലവില്‍ അരിക്ക് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടിയില്‍ അരിയെ നികതിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബ്രാന്‍ഡഡ് അരിക്ക് ജി.എസ്.ടിയില്‍ അഞ്ച് ശതമാനം നികുതി നല്‍കണം. കേരളത്തില്‍ ബ്രാന്‍ഡഡ് അരി വ്യാപകമായി വില്‍ക്കുന്നുണ്ട്. മിക്കവരും ഇതാണ് വാങ്ങി ഉപയോഗിക്കുന്നത്. ബ്രാന്‍ഡഡ് അരിക്ക് നികുതി വരുമ്പോള്‍ കിലോക്ക് രണ്ടര രൂപവരെയെങ്കിലും വില വര്‍ധിക്കും.

ലോക്കല്‍ ട്രെയിനിലും ബസ് യാത്രക്കും ജി.എസ്.ടിയില്ല. എന്നാല്‍, ട്രെയിനില്‍ എ.സി ക്ലാസിലെയും ഫസ്റ്റ് ക്ലാസിലെയും തീവണ്ടി യാത്രക്ക് നേരിയ വര്‍ധന വരും. 4.5 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമാകും. എ.സിയില്ലാത്ത കോച്ചുകളിലും ലോക്കല്‍ ട്രെയിനുകളിലും മെട്രോയിലും നിരക്കില്‍ മാറ്റംവരില്ല. ഇക്കോണമി ക്ലാസിലെ വിമാന യാത്രക്ക് നിരക്ക് കുറയും. ആറ് ശതമാനമായിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എന്നാല്‍, ബിസിനസ് ക്ലാസിലെ നികുതി ഒമ്പതില്‍നിന്ന് 12 ശതമാനമായി ഉയരും.

ഇതുവരെ അഞ്ചുപൈസ നികുതി കിട്ടാത്ത ഓണ്‍ലൈന്‍ കച്ചവടങ്ങളില്‍ സര്‍ക്കാറിന് ജി.എസ്.ടി വഴി നികുതി കിട്ടാന്‍ പോകുന്നു. ഓണ്‍ലൈന്‍ വഴി കച്ചവടത്തിന് നികുതിക്കായി സംസ്ഥാനം ഏറെ പരിശ്രമിച്ചിരുന്നു. ജി.എസ്.ടി വന്നതോടെ സാധനം എവിടേക്കാണോ എത്തുന്നത് ആ സംസ്ഥാനത്തിന് നികുതി കിട്ടും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 300 കോടിയെങ്കിലും ആ ഇനത്തില്‍ ലഭിക്കും. ഇതര സംസ്ഥാനങ്ങളിലെ കടകളില്‍നിന്ന് മലയാളികള്‍ നാട്ടിലെ വിലാസത്തില്‍ സാധനം വാങ്ങിയാലും നികുതി കേരളത്തിന് ലഭിക്കും.

സ്വര്‍ണവില കൂടും. നിലവില്‍ അഞ്ച് ശതമാനം നികുതിയുണ്ടെങ്കിലും ഭൂരിഭാഗം വ്യാപാരികളും കോമ്പൗണ്ട് ചെയ്തതിനാല്‍ 1.5 ശതമാനം വരെ നികുതി മാത്രമാണ് ഈടാക്കുന്നത്. എന്നാല്‍, ജി.എസ്.ടി വരുന്നതോടെ സ്വര്‍ണ നികുതി മൂന്ന് ശതമാനമാകും. 1.85 ശതമാനം കൂടി അധികം നല്‍കേണ്ടിവരും. പവന് 400-600 രൂപയോളം വര്‍ധിക്കുന്നതിന് ഇത് വഴിയൊരുക്കും. പണിക്കൂലിക്ക് ജി.എസ്.ടി വരില്ല. പഴയ സ്വര്‍ണത്തിന്റെ വില്‍പനക്കും മൂന്ന് ശതമാനം നികുതി വരും.

ജി.എസ്.ടി കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. വളങ്ങള്‍ക്ക് വന്‍ വിലവര്‍ധന വരും. നിലവില്‍ വളത്തിന് കേരളത്തില്‍ നികുതിയില്ല. എന്നാല്‍, 12 ശതമാനം ജി.എസ്.ടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബിസ്‌കറ്റുകളുടെ നികുതി 18 ശതമാനമായി വര്‍ധിച്ചു. മരുന്നുകളുടെ വില അഞ്ച് ശതമാനമായി കുറയും. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതി ഏഴില്‍നിന്ന് 12 ശതമാനമാകും. ഇതരസംസ്ഥാന ലോട്ടറികളുടെ ചൂഷണം തിരിച്ചുവരാതിരിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. സംസ്ഥാനങ്ങള്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും ഇടനിലക്കാര്‍ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ജി.എസ്.ടി. കേരളമാണ് ലോട്ടറി നികുതിക്കായി സമ്മര്‍ദം ചെലുത്തിയത്. നികുതി വേണ്ട എന്നതായിരുന്നു കേന്ദ്ര നിലപാട്. എങ്കില്‍ ഇതരസംസ്ഥാന ലോട്ടറി സംസ്ഥാനത്ത് തേര്‍വാഴ്ച നടത്തിയേനെ. 1620 കോടിയുടെയെങ്കിലും അധിക വരുമാനം ലോട്ടറിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു.

അതേസമയം രാജ്യം ഒറ്റനികുതിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുളളത് സര്‍വ്വത്ര ആശയക്കുഴപ്പങ്ങള്‍. പുതിയ നികുതി സംവിധാനത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതെന്ന കാര്യത്തില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. നികുതി പിരിച്ചെടുക്കേണ്ടതിനുള്ള സോഫ്റ്റ്വെയര്‍ പോലും പൂര്‍ണതോതില്‍ സജ്ജമല്ല.

പ്രായോഗിക തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിലേക്ക് രാജ്യംകടന്നത്. സംസ്ഥാനങ്ങളില്‍ ജിഎസ്ടി നടത്തിപ്പിന്റെ മേല്‍നോട്ടക്കാരായ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ് തങ്ങളുടെ ജോലിയെന്ന് ഒരു തിട്ടവുമില്ല. ജിഎസ്ടിഎന്‍ എന്ന സോഫ്റ്റ്വെയര്‍ വഴിയാണ് രാജ്യത്തെ മുഴുവന്‍ ജി എസ് ടി കണക്കുകളും രേഖപ്പെടുത്തുക. ഈ സോഫ്റ്റ്വെയര്‍ ഇതുവരെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ല.

നാളെ മുതല്‍ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും നികുതി ബാധകമാണ്. പക്ഷെ, ഇതെങ്ങനെ പിരിച്ചെടുക്കുമെന്നോ നിരീക്ഷിക്കുമെന്നോ വ്യക്തമല്ല. ജിഎസ്ടി നടപ്പിലാകുന്നതോടെ ചെക്പോസ്റ്റുകള്‍ ഡാറ്റാ കളക്ഷന്‍ സെന്റര്‍ മാത്രമാകും. എന്നാല്‍ ജൂണ്‍ മുപ്പതിന് മുമ്പ് ബില്ല് ചെയ്ത സാധനങ്ങള്‍ ചെക്പോസ്റ്റുകളിലെത്തുമ്പോള്‍ എന്തുചെയ്യണമെന്ന് ഒരു നിര്‍ദേശവുമില്ല. ഇതുവലിയ നികുതി വെട്ടിപ്പിന് വഴിവെക്കും.

നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ എന്തുചെയ്യണമെന്നോ പിടിച്ചെടുക്കുന്ന സാധനങ്ങളും വാഹനങ്ങളും എവിടെ സൂക്ഷിക്കണമെന്നോ വാണിജ്യനികുതി വകുപ്പിന് നിര്‍ദേശമില്ല. പൊലീസ് ഇവ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ഈ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കാനാണ് സാധ്യത.
എ എം

Share this news

Leave a Reply

%d bloggers like this: