കോര്‍ക്കിലെ വിക്ടോറിയന്‍ കാലഘട്ടത്തിലെ കേട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

കോര്‍ക് സിറ്റിയിലെ ഏറ്റവും പ്രശസ്തമായ സെന്റ് കെവിന്‍സ് കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധ. ലീ റോഡിലെ ഉപേക്ഷിക്കപ്പെട്ട St Annes ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ കഴിഞ്ഞ രാത്രി 8.30 ഓടെയാണ് തീപടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. കോര്‍ക്ക് അഗ്‌നിശമന സേനയുടെ ആറു യൂണിറ്റുകളുടെ കടുത്ത പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധയ്ക്ക് ശമനം ഉണ്ടായത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അഗ്‌നിയില്‍ നശിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ മേല്‍ക്കൂര തകര്‍ന്നതായി വ്യക്തമാണ്. അഞ്ചൂറോളം രോഗികളെ വഹിക്കാന്‍ കഴിയുന്ന ഈ കെട്ടിടം 1895 പണികഴിപ്പിച്ചത്.

അഗ്‌നിബാധയുടെ ആരംഭം എങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും കെട്ടിടത്തിലെ സെന്റ് കെവിന്‍സ് യൂണിറ്റിലാണ് തീ പടര്‍ന്നു പിടിച്ചതായി കരുതപ്പെടുന്നത്. നാലു നില കെട്ടിടത്തിനകത്ത് അതിവേഗം വ്യാപിച്ച തീ കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ അഗ്‌നിക്കിരയാക്കി. കെട്ടിടം ഉള്‍പ്പെട്ട വിശാലമായ കോംപ്ലക്‌സ് വര്‍ഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 200 വര്‍ഷം പഴക്കമുള്ള കൊട്ടാരം പുനരുജ്ജീവിപ്പിക്കാന്‍ ഒരു പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

കോര്‍ക്ക് നിവാസികളുടെ സവിശേഷമായ ലാന്‍ഡ് മാര്‍ക്കുകളിലൊന്നായിരുന്നു ചുവന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടം. സമീപ വര്‍ഷങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനുള്ള നിര്‍ദ്ദേശങ്ങളും അധികൃതര്‍ ആരാഞ്ഞിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കോര്‍ക്കിലെ ചരിത്രപ്രസിദ്ധമായ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ ഉണ്ടാവുന്നത്. 2016 ജൂലൈയില്‍ കിന്‍സല്‍ റോഡിലെ പ്രശസ്തമായ വെര്‍ണണ്‍ മൗണ്ട് മാന്‍ഷനില്‍ തീപിടുത്തം ഉണ്ടായിരുന്നു.


എ എം

Share this news

Leave a Reply

%d bloggers like this: