അയര്‍ലണ്ടിലെ ഭവന വില കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഡബ്ലിന്‍: 2015 ഏപ്രിലിന് ശേഷം രാജ്യത്തെ ഭവനവിലയിലുണ്ടായ കുതിപ്പ് തുടരുന്നു. 2016 മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഭവനവിലയിലെ വര്‍ദ്ധനവ് 10 ശതമാനത്തിനു മുകളിലെത്തിയെന്നു സി.എസ്.ഒ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ വസ്തുവില 11 .2 ശതമാനവും ഭവനവില 11 .5 ശതമാനത്തിലുമെത്തി നില്‍ക്കുകയാണ്.

അപ്പാര്‍ട്ട്‌മെന്റ് നിരക്കുകള്‍ 8 ശതമാനം വരെ ഉയര്‍ന്നിരിക്കുകയാണ്. ദേശീയ അടിസ്ഥാനത്തില്‍ ശരാശരി കണക്കാക്കുമ്പോള്‍ വസ്തുവിലയിലുണ്ടായ വര്‍ദ്ധനവ് 11 .9 ശതമാനം വരും. വീട് വില കുത്തനെ ഉയര്‍ന്നത് തെക്കന്‍ ഡബ്ലിനിലാണ്. ഇവിടെ 12 .4 ശതമാനം വില കൂടിയപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഫിനഗാളിലുമാണ് (6.8%).

ഡബ്ലിന്‍ നഗരത്തെ കൂടാതെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ തുടങ്ങിയ നഗര പ്രദേശങ്ങളിലും ഭവനവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഹെല്പ് ടു ബൈ സ്‌കീം ഭവന മേഖലയില്‍ വന്‍ പ്രതികരണമുണ്ടാക്കി. ഇതോടെ വീട് വാങ്ങാന്‍ എത്തുന്നവരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മാര്‍ക്കറ്റില്‍ വീട് വില്പനക്കെത്തുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായിരുന്നു. ആവശ്യക്കാര്‍ ഏറുകയും എന്നാല്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാതാകുക കൂടി ചെയ്തതോടെ ഭവന വില ഉയരുകയായിരുന്നു. തുടര്‍ന്ന് ആനുപാതികമായി വസ്തുവിലയും ഉയര്‍ന്നു. എല്ലാത്തിനുമുപരി വാടക നിരക്കിലും ഉയര്‍ച്ച കാണാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ദേശീയ ശരാശരിയില്‍ പുതുതായി വീട് വാങ്ങിയവര്‍ 2.2 ശതമാനം മാത്രമാണ്.

കൂടിയ വാടക നല്‍കാന്‍ കഴിയാതെ ഡബ്ലിനില്‍ ആയിരങ്ങള്‍ ഭവന രഹിതരായി മാറി. ഇതില്‍ പകുതി പേര്‍ എമര്‍ജന്‍സി അക്കോമഡേഷനിലും മറ്റുള്ളവര്‍ നഗരങ്ങളിലെ തെരുവുകളിലും അഭയം തേടുകയായിരുന്നു. ഹെല്പ് ടു ബൈ സ്‌കീം വീട് വാങ്ങാന്‍ അവസരം ഒരുക്കുമെന്ന പ്രതീക്ഷക്കപ്പുറം ഭവനരഹിതരായി മാറാന്‍ കൂടി കാരണമായതായി പല കോണുകളില്‍ നിന്നും ആക്ഷേപമുയര്‍ന്നു. രാജ്യത്തെ വസ്തുവില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: