എഴുപത്തഞ്ച് വര്‍ഷം മഞ്ഞിനടിയില്‍ കിടന്ന ദമ്പതികളുടെ മൃദദേഹത്തിന് അന്ത്യയാത്രാ ചടങ്ങൊരുക്കി ബന്ധുക്കള്‍

ഏഴര പതിറ്റാണ്ട് മലനിരകളില്‍ മഞ്ഞില്‍പ്പുതഞ്ഞ് കിടന്ന ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്സ് മലനിരയില്‍ 8,500 അടി ഉയരത്തിലാണ് ദമ്പതികളായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

1942 ഓഗസ്റ്റ് 15 ന് മലനിരയില്‍ മേയുകയായിരുന്ന തങ്ങളുടെ പശുക്കൂട്ടത്തെ കറക്കാനായി പോയ ദമ്പതികളെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. മഞ്ഞുമലയിടിഞ്ഞ് ഇരുവരും മരിക്കുകയും മൃതദേഹങ്ങള്‍ മഞ്ഞുപാളിക്കടിയില്‍ എഴുപത്തിയഞ്ച് വര്‍ഷം ഏറെയൊന്നും കേടുപാടുകള്‍ കൂടാതെ കിടക്കുകയുമായിരുന്നു.

ദമ്പതികളെ കാണാതായതിനെ തുര്‍ന്ന് മാര്‍സിലിന്റെയും ഡുമൊലിന്റെയും ബന്ധുക്കളും പ്രാദേശിക അധികൃതരും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. ചെരുപ്പുകുത്തിയായിരുന്നു മാര്‍സിലിന്‍. ഭാര്യ ഫ്രാന്‍സിനിന്‍ അധ്യാപികയും. ഡുമൊലിനു നാല്പതും ഫ്രാന്‍സിനിന് 37 വയസുമുള്ളപ്പോഴാണ് ഇവരെ കാണാതാകുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടക്കം തങ്ങളുടെ ഏഴു മക്കളെ അനാഥരാക്കിയായിരുന്നു അന്നത്തെ മഞ്ഞവീഴ്ചയില്‍ ദമ്പതികള്‍ അകാലചരമമടഞ്ഞത്.

മലനിരകളില്‍ കേബിള്‍കാര്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് മഞ്ഞില്‍ ഉറഞ്ഞുകിടക്കുന്ന രണ്ടു മൃതദേഹങ്ങളുടെ ചിത്രം കഴിഞ്ഞദിവസം പുറത്തുവിട്ടത്. റിസോര്‍ട്ട് ജീവനക്കാരനാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. മലനിരകളിലെ ഈ ഭാഗത്തെ മഞ്ഞ് ഇടിഞ്ഞതോടെയാണ് മൃതദേഹങ്ങള്‍ കേബിള്‍ കാര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്ന രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായാണ് കാണപ്പെട്ടത്. വെള്ളക്കുപ്പി, പുസ്തകം, വാച്ച് എന്നിവയും കേടുപാടുകള്‍ കൂടാതെ ഇവരുടെ സമീപത്തുണ്ടായിരുന്നു.

കേബിള്‍ കമ്പനി പുറത്തുവിട്ട ചിത്രത്തില്‍ നിന്നാണ് ദമ്പതികളുടെ മക്കളും ബന്ധുക്കളും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് കാണാതായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. ഇരുമൃതദേഹങ്ങളും ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്‌കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മുക്കാല്‍ പതിറ്റാണ്ടായി തങ്ങള്‍ മാതാപിതാക്കള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നുവെന്നും ഒടുവില്‍ അവര്‍ക്ക് ശാശ്വതമായ യാത്രയയപ്പിന് തങ്ങള്‍ക്ക് അവസരം കിട്ടിയതിന്റെ ആശ്വാസത്തിലാണ് തങ്ങളെന്നും ദമ്പതികളുടെ ഇളയ മകള്‍ മാര്‍സെലിന്‍ ഉഡ്രി ഡുമോലിന്‍ പറഞ്ഞു. 79 വയസുള്ള മാര്‍സെലിന്‍, ദമ്പതികളെ കാണാതാകുമ്പോള്‍ നാലു വയസുകാരിയായിരുന്നു. മാതാപിതാക്കളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. വിവിധ വീടുകളില്‍ പല ബന്ധുക്കളുടെയും ഒപ്പം കഴിഞ്ഞിരുന്നതിനാല്‍ സഹോദരങ്ങള്‍ എല്ലാവരും പരസ്പരം ഏതാണ്ട് അപരിചിതരായാണ് ജീവിച്ചതെന്നും മാര്‍സെലിന്‍ ഉഡ്രി പറഞ്ഞു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: