മലയാള സിനിമയിലെ 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

ദിലീപിന് പിന്നാലെ മലയാള സിനിമയിലെ പല പ്രമുഖരും കുടുങ്ങിയേക്കുമെന്ന് സൂചന. മലയാളം സിനിമാ ഇന്‍ഡസ്ട്രീയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മിച്ച മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളാണ് മോളിവുഡിലെ പണമിടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ ഷൂട്ടിങ് ലൊക്കേഷനുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്തു നിന്നു ഹവാല റാക്കറ്റു വഴി കോടികള്‍ മലയാള സിനിമയിലേക്ക് എത്തുന്നുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. മലയാളത്തിലെ പല താരങ്ങളുടെ സഹായികളും ഹവാല കാരിയറാണെന്ന് ആരോപണമുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഹവാല കാരിയറാണെന്ന വിവരം കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ അവലോകന റിപ്പോര്‍ട്ട് ഏജന്‍സി തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക അന്വേഷണ വിവരം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണത്തിനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യും.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ ബിനാമി നിക്ഷേപമുള്ളതിന്റെ തെളിവുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ദിലീപ് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്. ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: