ഉത്തരവ് മരവിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു

വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മരവിപ്പി ച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. കളക്ടറുമായുള്ള ചര്‍ച്ചയില്‍ സമരം നിര്‍ത്താന്‍ ധാരണയാവുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കളക്ടറുടെ ഉത്തരവിനെതിരെ സിപിഎം രംഗത്ത് എത്തിയിരുന്നു. കളക്ടറുടെ നടപടിയോട് യോജിക്കുന്നില്ലെന്നും നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ആലോചിച്ചാണ് ഉത്തരവിറക്കിയതെന്നും ആശങ്കയുള്ളവര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നുമായിരുന്നു ഇതിനോട് കളക്ടര്‍ പ്രതികരിച്ചത്.

കളക്ടറുടെ ഉത്തരവ് തള്ളിപ്പറഞ്ഞ് ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ നേരത്തേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും നഴ്സിങ് കൗണ്‍സിലും നഴ്സിങ് മേഖലയിലെ സംഘടനകളും കളക്ടര്‍ക്കെതിരായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മാത്രമാണ് കളക്ടറുടെ നടപടി ശരിവെച്ച് സംസാരിച്ചത്. സി.പി.എം കളക്ടറെ തള്ളിപ്പറഞ്ഞതോടെ മന്ത്രിയുടെ പിന്തുണ അപ്രസക്തമായി. ഇതോടെ നഴ്സുമാരുടെ സമരം നഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് നേരിടാനുള്ള നീക്കത്തില്‍ കളക്ടര്‍ ഒറ്റപ്പെടുകയും ചെയ്തു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: