ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ച് അമേരിക്ക

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനാകില്ലന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ മേധാവി ജിം മാറ്റിസ് ആണ് രംഗത്തെത്തിയത്.

ബാഗ്ദാദിയുടെ മരണം നടന്നുവെന്ന വിശ്വസനീയ തെളിവുകള്‍ തങ്ങള്‍ക്ക് കിട്ടുന്നതുവരെ മരണവാര്‍ത്തകള്‍ വിശ്വസിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ജിം മാറ്റിസ് വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഈ മാസം ഒന്‍പതിന് ഐഎസ് ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂളിലെ തങ്ങളുടെ പതനത്തിനുശേഷം ഐഎസ് കേന്ദ്രങ്ങള്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാനാകില്ലെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിലപാട്.

ഇറാഖി പ്രവിശ്യയായ നിനാവേഗില്‍ നടന്ന വ്യോമാക്രമണത്തിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വിശദീകരിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടകാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള കുറിപ്പ് ഇറാക്കിലെ കിഴക്കന്‍ മൊസൂളിലെ മാധ്യമങ്ങള്‍ക്കാണ് ലഭിച്ചത്.

മെയ് 28ന് ഇസ്ലാമിക് സ്റ്റേറ്റ് ഉന്നതതല നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിനുനേരെയാണ് വ്യോമാക്രമണം നടന്നതെന്നും അതിലാണ് അല്‍ബാഗ്ദാദി കൊല്ലപ്പെട്ടത് എന്നായിരുന്നു വാര്‍ത്ത. മെയ് 28 ന് തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് നേരത്തെതന്നെ റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ സിറിയയില്‍ തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നായിരുന്നു മെയ് മാസം അവസാനം റഷ്യയുടെ വെളിപ്പെടുത്തല്‍. ഐഎസ് പറയുന്നത് ഇറാഖിലെ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ്.

മുന്‍പും പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വരുകയും ഇതിന് പിന്നാലെ ഐഎസ് ഇത് നിഷേധിച്ചുകൊണ്ട് രംഗത്തുവരുകയും ബാഗ്ദാദിയുടെ സന്ദേശങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വാര്‍ത്തകള്‍ക്കും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മൊസൂള്‍ ഈ മാസം ഒന്‍പതിന് ഇറാഖ് സൈന്യം പിടിച്ചെടുത്തിരുന്നു. മൊസൂള്‍ ഐഎസിന് നഷ്ടമായതിന് പിന്നാലെയാണ് അല്‍ബാഗ്ദ്ധാദിയുടെ മരണം ഐഎസ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചത്.

2014 ല്‍ വടക്കന്‍ ഇറാക്കി നഗരമായ മൊസൂളിലെ ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദില്‍ വച്ചാണ് ഖലീഫയായി സ്വയം പ്രഖ്യാപിച്ച് ഐഎസുമായി ബാഗ്ദാദിയെത്തുന്നത്. ഈ പള്ളി കഴിഞ്ഞമാസം ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ നിന്ന് ഇറാഖി സൈന്യം ഐഎസിനെ തുരത്തുകയായിരുന്നു. മൊസൂള്‍ കൈവിട്ടതിന് പിന്നാലെയാണ് തങ്ങളുടെ തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ട കാര്യം ഐഎസ് സ്ഥിരീകരിച്ചത്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: