മലേഷ്യന്‍ വിമാനം അന്വേഷിച്ച് ചെന്നവര്‍ കണ്ടെത്തിയത് ആഴക്കടലിലെ അമ്പരപ്പിക്കുന്ന ലോകം

കാണാതായ മലേഷ്യന്‍ വിമാനം അന്വേഷിച്ച് ആഴക്കടലിലേക്കിറങ്ങിയ സംഘത്തെ വിസ്മയിപ്പിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍ ആരും കാണാതെ മറഞ്ഞുകിടന്ന ലോകം.ഭൂമിക്കു മുകളിലേതുപോലെ അഗ്നിപര്‍വതങ്ങളും അഗാധ താഴ്വരങ്ങളും പര്‍വത ശിഖരങ്ങളും നിറഞ്ഞ അമ്പരപ്പിക്കുന്ന മായലോകമായിരുന്നു അത്.

239 യാത്രക്കാരുമായി മൂന്നു വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം തേടിപോയവരാണ് ഈ അത്ഭുതക്കാഴ്ച കണ്ടത്. മലേഷ്യന്‍ വിമാനം ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് കടലിലാണ്. മലേഷ്യയും ചൈനയും ഓസ്‌ട്രേലിയയും 2014 മുതല്‍ വിമാനത്തിനായി സംയുക്തമായി തിരച്ചില്‍ നടത്തിയത് ഇന്ത്യന്‍ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായിരുന്നു. എന്നാല്‍ വിമാനം തിരയുന്നതിനിടെ കടലിന്റെ അടിത്തട്ടില്‍ കണ്ട കാഴ്ചകള്‍ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അദ്ഭുതപ്പെടുത്തിയിരിക്കയാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്തു നടന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലിനൊടുവില്‍ ലഭിച്ച വിവരങ്ങള്‍ വെച്ചാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ മാപ്പ് ആസ്ട്രേലിയ തയാറാക്കിയത്. ഭൂമിയിലെ ഏറ്റവും ആഴംകൂടിയ സമുദ്രഭാഗങ്ങളില്‍ ഒന്നുകൂടിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ഭാഗം. വരുംകാലത്തെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഈ മാപ്പുകള്‍ ഏറെ ഉപകാരപ്പെടുമെന്ന് ആസ്ട്രേലിയയുടെ പരിസ്ഥിതി ജിയോസയന്‍സ് മേധാവി സ്റ്റുവാര്‍ട്ട് മിന്‍ചിന്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്തെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. മലേഷ്യന്‍ യാത്രവിമാനമായ ബോയിങ് 777 കാണാതായിട്ട് മൂന്നു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. അതില്‍ യാത്രചെയ്തിരുന്ന 239 പേരെ കുറിച്ചും വിവരങ്ങളില്ലാതെ ദുരൂഹമായി തുടരുന്നു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: