സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എന്‍ജിനീയറെ ഗൂഗിള്‍ പുറത്താക്കി

ഐടി രംഗത്തെ ലിംഗവിവേചനത്തിന് കാരണം ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കുറിപ്പിറക്കിയ ജീവനക്കാരനെ ഗൂഗിള്‍ പിരിച്ചുവിട്ടു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ജെയിംസ് ഡാമോറിനെയാണ് ഗൂഗിള്‍ പുറത്താക്കിയത്. ഐടി മേഖല സ്ത്രീകള്‍ക്ക് പറ്റിയതല്ലെന്ന രീതിയിലായിരുന്നു ജെയിംസ് ഡാമോറിന്റൈ പരാമര്‍ശങ്ങള്‍. കുറിപ്പ് വിവാദമായതിന്റെ പേരില്‍ കമ്പനി പിരിച്ചുവിട്ടതായി ജെയിംസ് ഡാമോര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും കഴിവുകളും അവര്‍ക്ക് നല്‍കുന്ന മുന്‍ഗണനകളും മാനസിക ശാരീരിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഐടി രംഗത്ത് സ്ത്രീ സാന്നിധ്യം കുറവാകുന്നതിന്റെ കാരണം ഇതാണെന്നുമാണ് ഡാമോറിന്റെ കുറിപ്പില്‍ പറയുന്നത്. ലിംഗവിവേചനം എന്ന തരത്തില്‍ ഈ സാഹചര്യത്തെ വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്ത്രീകള്‍ സാമൂഹ്യ രംഗത്തോ കലാരംഗത്തോ പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

10 പേജുകളുള്ള ഡാമോറിന്റെ കുറിപ്പ് ഗൂഗിളിനകത്ത് തന്നെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചതിനൊപ്പം ആഗോള തലത്തിലും ചര്‍ച്ചയായി. കുറിപ്പിലെ ചില ഭാഗങ്ങള്‍ സ്ഥാപനത്തിന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഗുരുതരമായ ലിംഗ പക്ഷപാതം വ്യക്തമാക്കുന്നതാണെന്നുമാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം, ഗൂഗിളിന്റെ ഡൈവേഴ്സിറ്റി ഇന്റഗ്രിറ്റി ആന്റ് ഗവേണന്‍സ് മേധാവി ഡാനിയേല്‍ ബ്രൗണും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഗൂഗിളില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആധുനികതയ്ക്ക് നിരക്കാത്ത തെറ്റായ ധാരണകളാണ് സ്ത്രീസമൂഹത്തെ കുറിച്ചുള്ള ഡാമോറിന്റെ കുറിപ്പിലുള്ളതെന്നായിരുന്നു ഡാനിയേല്‍ ബ്രൗണിന്റെ പ്രതികരണം.

വിവാദ കുറിപ്പുമായി ബന്ധപ്പെട്ട് എല്ലാവിധത്തിലുള്ള നിയമ പരിഹാരങ്ങളും ആരായുന്നുണ്ടെന്നാണ് ഡാമോര്‍ അറിയിച്ചത്. കമ്പനിയില്‍ നിന്നും പിരിച്ചുവിടുന്നതിനു മുന്‍പു തന്നെ, ഗൂഗിളിനെതിരെ യുഎസ് നാഷണല്‍ ലാബര്‍ റിലേഷന്‍സ് ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നിശബ്ദമായി ഗൂഗിന്റെ ഉന്നതതല സമിതി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നതായാണ് ഡാമോറിന്റെ പരാതി.
എ എം

Share this news

Leave a Reply

%d bloggers like this: