ഷാര്‍ജയില്‍ കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അയര്‍ലണ്ട് മലയാളി ഡിക്‌സന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും

ഷാര്‍ജയില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിയായ മലയാളി യുവാവിന്റെ മൃതദേഹം പോലീസ് നടപടിക്രമങ്ങള്‍ കഴിഞ്ഞതിനാല്‍ ബുധനാഴ്ച നാട്ടിലെത്തിക്കും. അയ്മുറി തോപ്പിലാന്‍ വീട്ടില്‍ പൗലോസിന്റ മകനായ ഡിക്സണ്‍ (35) ആണ് കഴിഞ്ഞ ആഴ്ച ഷാര്‍ജയില്‍ തന്റെ കാറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. അയര്‍ലന്റിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഷാര്‍ജയിലെ തന്റെ ജോലി രാജി വയ്ക്കുന്നതിനാണ് ഇയാള്‍ ജൂലായ് 30ന് യു.എ.ഇയി ലെത്തിയത്. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുമ്പോള്‍ വിഷവാതകം ശ്വസിച്ചായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണിലെ കമ്പനിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് വരികയായിരുന്നു ഡിക്സണ്‍. ഭാര്യക്ക് അയര്‍ലന്റില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ജോലി രാജി വച്ച് ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് മരണം. കഴിഞ്ഞ ബുധനാഴ്ച യാണ് ഷാര്‍ജയിലെ അല്‍ ഖലായയില്‍ രാത്രി കാറിനുള്ളില്‍ പാതി അഴുകിയ നിലയില്‍ കണ്ടെത്തിയത്.ഡിക്‌സനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കള്‍ തന്നെയാണ് ഡിക്‌സനെ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മൃതദേഹം അല്‍ കുവൈത്തി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

അയര്‍ലണ്ടിലുള്ള ഭാര്യ സോഫിയെ തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും ഉടന്‍തന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. ഷാര്‍ജയില്‍ താമസിച്ചിരുന്ന വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്‌സനെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ സോഫി കൊല്ലം ശക്തികുളങ്ങര മൂലയില്‍ തോപ്പ് ആന്‍സില്‍ ജര്‍മ്മാനിയുടെ മകളാണ്. ഏക മകള്‍ സെറാഡിക് സണ്‍ഡെ. മാതാവ് ബേബി. സംസകാരം ബുധനാഴ്ച ഉച്ചക്ക് 11 മണിക്ക് പെരുമ്പാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: