എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എം വെങ്കയ്യ നായിഡു രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. ഈ സ്ഥാനം അലങ്കരിക്കുന്ന പതിമൂന്നാമത് വ്യക്തിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാവിലെ പതിനൊന്നിന് രാജ്യസഭയിലെത്തുന്ന വെങ്കയ്യ നായിഡു അധ്യക്ഷ പദവി ഏറ്റെടുക്കും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ 244 നെതിരെ 516 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായത്. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി പദം രാജിവെച്ചാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആന്ധ്ര പ്രദേശ് സ്വദേശിയാണ്.

ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്ഥാനം ഒഴിഞ്ഞ ഹമീദ് അന്‍സാരിക്ക് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: