ഗോരഖ്പൂര്‍ ആസ്പത്രിയില്‍ 30 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടു

ഓക്സിജന്‍ വിതരണം നിലച്ചതിനേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബി.ആര്‍.ഡി ആസ്പത്രിയില്‍ 30 കുട്ടികള്‍ മരിച്ചു. കുടിശ്ശിക നല്‍കാനുള്ളതിനേത്തുടര്‍ന്ന് വിതരണക്കാര്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും.

വ്യാഴാഴ്ച രാത്രിയാണ് 20 കുട്ടികള്‍ മരിച്ചത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ വീണ്ടും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി. വീണ്ടും ഓക്സിജന്‍ വിതരണം നിലച്ചതാണ് 10 പേര്‍ കൂടി മരിക്കാന്‍ കാരണമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്പത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആസ്പത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഉത്തര്‍പ്രദേശില്‍ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം.

കഴിഞ്ഞ രാത്രിയാണ് കമ്പനി ഓക്സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്. ആസ്പത്രി അധികൃതര്‍ 66 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്നതായിരുന്നു കാരണം. മൂന്ന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചവര്‍. ഓക്സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് കമ്പനി നേരത്തേ ആസ്പത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. ആസ്പത്രിയിലെ സാങ്കേതിക വിഭാഗം ഓക്സിജന്‍ അളവ് കുറവ് നേരത്തേ ശ്രദ്ധയില്‍ പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ എന്‍സഫലൈറ്റിസ് ചികിത്സക്ക് പേരുകേട്ട ആസ്പത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് എന്ന ബി.ആര്‍.ഡി ആസ്പത്രി. സംഭവം സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റേയോ ആസ്പത്രി അധികൃതരുടേയോ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നു പുറത്തുവന്നിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: