ഇനി മലയാളമുള്‍പ്പടെ എട്ട് ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടി ഗൂഗിള്‍ വോയ്സ് സെര്‍ച്ച്

എട്ട് ഇന്ത്യന്‍ ഭാഷകളിലേക്ക് വോയ്സ് സെര്‍ച്ച് സംവിധാനം വ്യാപിപ്പിച്ച് ഗൂഗിള്‍. ഓണ്‍ലൈന്‍ തിരച്ചില്‍ സംവിധാനം കൂടുതല്‍ ലളിതമാക്കുന്നതിനായി ഗൂഗിള്‍ നടപ്പാക്കുന്ന സംവിധാനമാണ് വോയ്സ് സെര്‍ച്ച്. ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ കീബോര്‍ഡ് ഉപയോഗിക്കുന്നതിന് പകരം സെര്‍ച്ച് ചെയ്യേണ്ടതെന്താണെന്ന് ശബ്ദത്തിലൂടെ പറയുകയാണ് ഇതില്‍ ചെയ്യുന്നത്. ബെംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകളിലേക്ക് കൂടിയാണ് വോയ്സ് സെര്‍ച്ച് സംവിധാനം ഗൂഗിള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.

ശബ്ദം അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ നടത്തുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഭാഷ ഗൂഗിള്‍ ആപ്പിലെ വോയ്സ് സെറ്റിംഗ്സ് മെനുവില്‍ സജ്ജീകരിക്കേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ജിബോര്‍ഡിലെ ശബ്ദ ടൈപ്പിംഗിനെ പുതിയ ഭാഷകള്‍ മെച്ചപ്പെടുത്തും. ഇത് യാത്രാ വേളയിലും ഇമെയിലുകള്‍ക്ക് പ്രതികരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുകയും മെസേജ് ആപ്ലിക്കേഷനിലൂടെ ടെക്സ്റ്റുകള്‍ അയക്കാന്‍ സഹായിക്കുകയും ചെയ്യും.

വോയ്സ് ടൈപ്പിംഗ് സജ്ജമാക്കുന്നതിന് പ്ലേ സ്റ്റോറില്‍ തെരഞ്ഞെടുക്കണം. സെര്‍ച്ച് എഞ്ചിന്‍ ബോക്സിലെ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.ഐഒഎസിലും പുതിയ ഭാഷകള്‍ വഴിയുള്ള വോയ്സ് സെര്‍ച്ച് സാധ്യമാകും. ഈ പുതിയ ഭാഷകളെല്ലാം ക്ലൗഡ് സ്പീച്ച് എപിഐയിലും ലഭ്യമാക്കും. വ്യത്യസ്ത ഭാഷാ ഉള്ളടക്കങ്ങള്‍ക്കായി ഒരു കൂട്ടം പുതിയ ഉല്‍പ്പന്നങ്ങളും ഫീച്ചറുകളും ഈ വര്‍ഷം ആദ്യം മുതല്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ ഗൂഗിള്‍ വോയ്സ് സെര്‍ച്ച് 119 ഭാഷകളിലുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: