ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുക.

ജയലളിതയുടെ മരണത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഇതിനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും അപ്രതീക്ഷിതമായി രാജിവെക്കേണ്ടി വന്നതോടെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണത്തിന് ശേഷം ഇടഞ്ഞ് നില്‍ക്കുന്ന എടപ്പാടി പളനിസാമിയും പനീര്‍സെല്‍വവും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ നടക്കവെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ജനിലെ വേദനിലയം സ്മാരകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതും പനീര്‍സെല്‍വത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

മൂന്ന് മാസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം 2016 ഡിസംബര്‍ അഞ്ചിനായിരുന്നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജയലളിത മരിച്ചത്. സെപ്തംബറില്‍ അസുഖബാധിതയായി ആശുപത്രിയിലെത്തിയ ജയലളിയുടെ മൃതദേഹമാണ് പിന്നെ പുറത്തെത്തിയത്. ജയലളിതയുടെ അസുഖം എന്തായിരുന്നു എന്നത് പോലും ഇതുവരെ വെളിപ്പെട്ടിട്ടില്ല. ചികിത്സയിലായിരിക്കെ ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതരം തയ്യാറായിരുന്നില്ല.

ജയലളിതയുടെ മരണത്തിന് പിന്നില്‍ തോഴിയായ ശശികലയ്ക്ക് പങ്കുണ്ടെന്ന് അന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പലകോണുകളില്‍ നിന്നും മരണത്തെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ശശികല പക്ഷത്തെ ഒതുക്കണമെന്ന തീരുമാനത്തിലേക്ക് പനീര്‍-പളനി വിഭാഗങ്ങള്‍ എത്തിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: