കലാപം അഴിച്ചുവിട്ട് ആള്‍ദൈവത്തിന്റെ അനുയായികള്‍; 11 പേര്‍ കൊല്ലപ്പെട്ടു; കലാപം മറ്റ് സംസ്ഥാനങ്ങളിലേക്കും

ബലാത്സംഗ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം ഖാന്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചതോടെ പഞ്ചാബിലെയും ഹരിയാനയിലും വിവിധ പ്രദേശങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇയാളുടെ കീഴിലുള്ള ദേര സച്ച സൗദയുടെ അനുയായികളാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കലാപത്തില്‍ എട്ട് പേര്‍ മരിച്ചു. ദേര സച്ച സൗദ അനുയായികളാണ് മരിച്ചത്. ഇതിനിടെ കലാപം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇതിന്റെ പേരിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അക്രമത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ച്കുലയില്‍ നൂറോളം വാഹനങ്ങള്‍ക്കാണ് തീയിട്ടത്.

കലാപ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് കനത്ത പോലീസ്, സൈനിക സുരക്ഷയാണ് രണ്ട് സംസ്ഥാനങ്ങളിലും ഒരുക്കിയിരുന്നത്. അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് കോടിയിലേറെ വരുന്ന ഇയാളുടെ അനുയായികള്‍ അക്രമാസക്തരായതോടെ സംഘര്‍ഷാവസ്ഥ കലാപമായി പൊട്ടിപ്പുറപ്പെടുകയായിരുന്നു. കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഹരിയാനയിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പഞ്ച്കുല സിബിഐ കോടതി പരിസരിത്ത് സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. നിരോധനാജ്ഞയ്ക്ക് സമാനമായ അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പലയിടങ്ങളിലും പോലീസ് വെടിവയ്പ്പ് നടത്തി.

വിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഗുര്‍മീതിന്റെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടു. വൈകിട്ട് നാല് മണിയോടെയാണ് പഞ്ച്കുലയില്‍ പലയിടങ്ങളിലും വെടിവയ്പ്പുണ്ടായത്. ഈ വെടിവയ്പ്പിലാണ് മരണങ്ങള്‍ സംഭവിച്ചത്, പഞ്ചാബിലെ മലൗത്, മന്‍സ എന്നിവ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇയാളുടെ അനുയായികള്‍ കോടതി വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

പോലീസ് വാഹനങ്ങളും തല്ലിത്തകര്‍ക്കപ്പെട്ടു. മലൗതിലെ റെയില്‍വേ സ്റ്റേഷനും പോലീസ് സ്റ്റേഷനും പെട്രോള്‍ പമ്പിനും അക്രമികള്‍ തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. മന്‍സയില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പഞ്ച്കുലയിലെ കോടതി വളപ്പിലുണ്ടായിരുന്ന എന്‍ഡിടിവി, ടൈംസ് നൗ എന്നിവയുടെ ഒബി വാനുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിച്ച ദേര സച്ച സൗദ അനുയായികള്‍ ഇവര്‍ സഞ്ചരിച്ച കാറും നശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിന്റെ ആറ് ബറ്റാലിയനുകള്‍ പഞ്ച്കുലയില്‍ എത്തിച്ചേര്‍ന്നു.

പഞ്ച്കുലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പഞ്ച്കുലയിലെ സാഹചര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേസ്റ്റേഷനില്‍ ഒരു തീവണ്ടിയ്ക്ക് ആക്രമികള്‍ തീവച്ചു. ട്രെയിനിലെ രണ്ട് കോച്ചുകള്‍ക്കാണ് തീയിട്ടത്. ഡല്‍ഹിയിലും പോലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ലോനി ചൗക്കില്‍ ദേര സച്ച സൗദ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചതായി പോലീസ് അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: