ഗുര്‍മീത് റാമിന്റെ വിധിക്കുപിന്നാലെ അക്രമമഴിച്ചുവിട്ട് അനുയായികള്‍; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവയ്പ്പ്

ആശ്രമത്തിലെ അന്തേവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ അക്രമം തുടങ്ങി. പഞ്ചാബ്, ഹരിയാന സംസ്ഥാത്ത് പലയിടത്തും അനുയായികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.

ഹരിയാന പഞ്ചകുള സിബിഐ കോടതിയാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അനുയായികള്‍ അക്രമം തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണമുണ്ടായി. പഞ്ചകുള കോടതിയ്ക്ക് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. വിധിപ്രഖ്യാപനം വന്നതോടെ അനുയായികള്‍ കൂടുതലായി തമ്പടിച്ചിട്ടുള്ള ഇടങ്ങളില്‍ സൈന്യം റോന്തുചുറ്റുകയാണ്.

ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ സച്ചാ സൗദാ നേതാവിനെതിരെയുള്ള വിധി പുറപ്പെടുവിക്കുന്നുവെന്നറിഞ്ഞ് ഒരാഴ്ചയോളമായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ ദേരാ ആശ്രമത്തിലേക്കും വിചാരണ നടന്ന പഞ്ചഗുള കോടതിയിലേക്കും ഒഴുകുകയായിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് സിര്‍സയിലെ പ്രധാന ആശ്രമത്തിലെത്തിച്ചേര്‍ന്നത്. സിര്‍സയിലെ ആശ്രമത്തിന് മുന്നില്‍ കലാപസമാനമായ അന്തരീക്ഷമാണ് അനുയായികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചില അനുയായികള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്.

കേസിലെ വിധി ഗുര്‍മീത് റാം റഹീമിന് പ്രതികൂലമായാലുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട്് പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പതിനായിരത്തോളം വരുന്ന അര്‍ധ സൈനികരെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. സൈനികരെ കൂടാതെ 10 ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരെയുമാണ് സുരക്ഷയുടെ ഭാഗമായി നിയോഗിച്ചത്.

നേരത്തെ ഗുര്‍മീതിന്റെ അനുയായികള്‍ ഒത്തുകൂടിയിട്ടുള്ള ചണ്ഡിഗഡ് സെക്ടര്‍ 16 ക്രിക്കറ്റ് സ്റ്റേഡിയം തത്കാലിക ജയിലാക്കിക്കൊണ്ട് ചണ്ഡിഗഡ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവിടെ ഒത്തുകൂടിയവരെ അവിടെവച്ച് തന്നെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ച് ജയിലിന് സമാനമായ കാവല്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇവിടെയുള്ളവരെ പിന്നീട് കോടതി ഉത്തരവ് വരുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ല.സ്റ്റേഡിയം നിറഞ്ഞാല്‍ സമീപത്തെ സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ജയിലാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.ഇരു സംസ്ഥാനങ്ങളിലേയും 29 ഓളം ട്രെയിനുകള്‍ റദ്ദാക്കി. വിധി പുറപ്പെടുവിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരോടും അതത് മണ്ഡലങ്ങളില്‍ തങ്ങാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചണ്ഡിഗഢിനു സമീപത്തെ പഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: