ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം കടന്നു; സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ഏക്കറുകണക്കിന് വിസ്തീര്‍ണത്തിലുള്ള വമ്പന്‍ ആശ്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സൈന്യം ആശ്രമത്തില്‍ പ്രവേശിച്ചത്.

ആശ്രമത്തില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ആശ്രമം കണ്ടുകെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവിടെയുള്ളവരെ ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ സീല്‍ ചെയ്യുന്നത്.

നിരവധി മാരകായുധങ്ങള്‍ ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ഹരിയാനയിലെ ദേരാ സച്ചാ സൗധയുടെ ഒന്പതു ഓഫീസുകള്‍ പൂട്ടിച്ചതായി പോലീസും അറിയിച്ചു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നായിരുന്നു കോടതി നിര്‍ദേശം.

2002ല്‍ സിര്‍സയിലെ ആശ്രമത്തില്‍ അനുയായിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് പഞ്ചകുളയിലെ സിബിഐ കോടതി കണ്ടെത്തിയത്. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട റാം റഹീമിന്റെ ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് പഞ്ചകുളയിലെ സിബിഐ കോടതി.

ഗുര്‍മീത് റാം റഹീം സിംഗിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്തതിന് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ പേരേടുത്ത് വിമര്‍ശിച്ച ഹൈക്കോടതി, മുഖ്യമന്ത്രിക്ക് അക്രമത്തിന്റെ കാരണം അറിയാതെ പോകുന്നതെങ്ങനെയെന്നും ചോദിച്ചു. അക്രമം നടക്കുമ്പോള്‍ അത് അമര്‍ച്ച ചെയ്യാതെ നോക്കി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.

ക്രമസമാധാനം ആകെ തകര്‍ന്നെന്നും, ദേരാ അനുയായികള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ടീയ ലാഭങ്ങള്‍ക്കായി സര്‍ക്കാര്‍ അക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം, ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ അനുയായികളുടെ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 32 ആയി. സംഭവത്തില്‍ 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമത്തിന് നേതൃത്വം നല്‍കിയ 15 ദേര സച്ച സൗദ അനുയായികളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: