ബ്രെക്‌സിറ്റ്: ഐറിഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നവരില്‍ വന്‍ വര്‍ദ്ധനവ്

ബ്രെക്സിറ്റ് മൂലം നാടുവിടുന്ന ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. അയര്‍ലണ്ട് ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ കൂട്ടപ്പലായനം നടത്തുന്നുവെന്നാണ് വിവരം. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുവെന്നാണ് കണക്ക്. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ബ്രെക്സോഡസ് എന്ന പേരിലാണ് ഇത് പരാമര്‍ശിച്ചിട്ടുള്ളത്. ബ്രെക്സിറ്റിനായി രാജ്യം തീരുമാനമെടുത്തത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഇത്തരത്തില്‍ നാടുവിടാന്‍ ഉദ്ദേശിക്കുന്ന ചിലര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിനായി ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന വലിയൊരു വിഭാഗം യുകെയിലുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്ക് അനുസരിച്ച് 1,22,000 യൂറോപ്യന്‍ പൗര്‍ന്‍മാര്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെ വിട്ടു. അതേ കാലയളവില്‍ 1,34,000 ബ്രിട്ടീഷ് പൗരന്‍മാര്‍ വിദേശത്തേക്ക് താമസം മാറിയിട്ടുണ്ട്.

മുന്‍വര്‍ഷത്തേക്കാള്‍ 8000 പേര്‍ അധികമാണ് ഇത്. ജോലികള്‍ക്കായാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിടുന്നത്. അവരുടെ കുടുംബാംഗങ്ങളും പങ്കാളികളുമൊക്കെ പിന്നാലെയെത്തുന്നു. 2012നു ശേഷം ബ്രിട്ടന്‍ കാണുന്ന ഏറ്റവും വലിയ എമിഗ്രേഷനാണ് ഇത്. അതേസമയം യുകെയിലേത്ത് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം ബ്രെക്സിറ്റ് സംബന്ധമായ അവസാന വട്ട ചര്‍ച്ചകള്‍ക്കായി യുകെ ഒഫീഷ്യലുകള്‍ ബ്രസല്‍സിലെത്തി. ചര്‍ച്ചയില്‍ അയവും ഭാവനയും കൂടുതലായി ഉള്‍പ്പെടുത്തണമെന്ന് ഈ അവസരത്തില്‍ ബ്രിട്ടീഷ് നെഗോഷ്യേറ്റര്‍മാര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാര വിഷയം കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ വിശാലമാക്കണമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്രെക്സിറ്റിന് ശേഷം യുകെയിലുള്ള യൂണിയന്‍ പൗരന്‍മാരുടെ അവകാശം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇനിയും പുരോഗതിയുണ്ടാവേണ്ടിയിരിക്കുന്നുവെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.

ഐറിഷ് അതിര്‍ത്തി, ഡൈവോഴ്സ് ബില്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം മാത്രമേ ചര്‍ച്ചകള്‍ വിശാലമാക്കാനാവുകയുള്ളുവെന്നും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം വ്യക്തമാക്കുന്നു. ഐറിഷ് അതിര്‍ത്തിയുടെ കാര്യത്തില്‍ യുകെ മാജിക്കല്‍ തിങ്കിംഗാണ് പുലര്‍ത്തുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഡൈവോഴ്സ് ബില്‍ എന്ന പേരില്‍ അനര്‍ഹമായതും നിയമപരമായി പിന്തുണയില്ലാത്തതുമായ വന്‍ തുക ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ കടുംപിടിത്തം നടത്തുകയാണെന്നാണ് യുകെ കുറ്റപ്പെടുത്തുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: