തെരഞ്ഞെടുപ്പ് ചൂടില്‍ ജര്‍മനി; നാലാമൂഴത്തിനായി മെര്‍ക്കല്‍

യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും ശക്തമായ രാജ്യമായ ജര്‍മനി തെരഞ്ഞെടുപ്പു ചൂടില്‍. 2005 മുതല്‍ അധികാരത്തില്‍ തുടരുന്ന ചാന്‍സലര്‍ അംഗല മെര്‍കല്‍ നാലാമൂഴം തേടിയാണ് കളത്തിലിറങ്ങുന്നത്. ഇതിനുമുമ്പ് ഹെല്‍മുട് കോള്‍ ആയിരുന്നു രാജ്യത്ത് കൂടുതല്‍ കാലം ഭരിച്ചത് (1982-1998). ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍/ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ സഖ്യം (സി.ഡി.യു, സി.എസ്.യു) 39ഉം ഇടതുപാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 23ഉം ശതമാനം വോട്ടുകള്‍ നേടുമെന്നാണ് അഭിപ്രായസര്‍വേകളുടെ പ്രവചനം.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ 10 ലക്ഷം അഭയാര്‍ഥികെള സ്വീകരിച്ച നടപടിയില്‍ മെര്‍കല്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം, രാജ്യത്തെ സുസ്ഥിര സമ്പദ്വ്യവസ്ഥ മെര്‍കലിനെ തുണച്ചേക്കും. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ ഷൂള്‍സ് ആണ് മെര്‍കലിന്റെ പ്രധാന എതിരാളി. ജര്‍മനിയില്‍ ഒരു പാര്‍ട്ടിയും ഒറ്റക്ക് ഭൂരിപക്ഷംതികക്കുന്ന പതിവില്ല. ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന പാര്‍ട്ടി മറ്റുള്ളവരുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയാണ് ചെയ്യാറ്.

അതിനിടെ അതിരുകള്‍ ഭേദിച്ച് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ചതില്‍ ഒട്ടും ഖേദമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ പഞ്ഞു. അഭയാര്‍ഥികളോടുള്ള തുറന്നവാതില്‍ നയത്തില്‍ പശ്ചാതാപമില്ലെന്നും  രാഷ്ട്രീയഭാവി അസ്ഥിരതയിലാവുമെന്ന ഭയമില്ലെന്നും ജര്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ ലാഭം നോക്കിയല്ല, മാനുഷിക പരിഗണന നോക്കിയാണ് 2015ല്‍ താന്‍ ആ തീരുമാനമെടുത്തതെന്നും മെര്‍കല്‍ തുടര്‍ന്നു.

മെര്‍കലിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. മെര്‍കലിന്റെ അഭയാര്‍ഥി നയമാണ് എതിര്‍പാര്‍ട്ടികള്‍ ആയുധമാക്കുന്നതും. സെപ്റ്റംബര്‍ 24ന് നടക്കുന്ന തെരഞ്ഞെടുപ്പ് യൂറോപ്യന്‍ യൂനിയനും ഉറ്റുനോക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: