പൂഞ്ചോലയിലെ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങളും ഓണസദ്യയുമായി ഷെയറിങ് കെയര്‍ അയര്‍ലണ്ട്

കാഞ്ഞിരപ്പുഴ / പാലക്കാട്: ഇല്ലായ്മകളുടെ കഥമാത്രം അറിയുന്ന പൂഞ്ചോല ഗവ. എല്‍.പി. സ്‌കൂളിലെ കുഞ്ഞു വിദ്യാര്‍ത്ഥികള്‍ ആഹ്‌ളാദത്തിലാണ്. പഠിക്കാനുള്ള ബുക്ക്, പെന്‍സില്‍, പേന, ബാഗ്, ഷൂസ്, കുട, യൂണിഫോം എന്നിവ കൂടാതെ ഈ വര്‍ഷം സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് അവര്‍ ഓണാവധിക്ക് പിരിഞ്ഞത്. ആഗസ്റ്റ് 31 ആം തിയതി വ്യാഴാഴ്ച സ്‌കൂളില്‍ കൂടിയ യോഗത്തില്‍വച്ചു
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ. ഷംസുദ്ദീന്‍ പഠനോപകാരണങ്ങളുടെ വിതരണം ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. സാബു മൈലംവേലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. മുഹമ്മദാലി, കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവരും സന്നിഹിരായിരുന്നു.

ഐര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഷെയറിങ് കെയര്‍ ആണ് പൂഞ്ചോല എല്‍ പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു വരുന്നത്. 2011 മുതല്‍ ഷെയറിങ് കെയര്‍ തങ്ങളുടെ സ്റ്റുഡന്റ് സപ്പോര്‍ട്ട് പ്രോഗ്രാമില്‍ (Student Support Program) ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ഈ സഹായം ചെയ്തു വരുന്നു. തീര്‍ത്തും നിര്‍ധനരായവരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആണ് പൂഞ്ചോല എല്‍ പി സ്‌കൂള്‍. ഷെയറിങ് കെയര്‍ സഹായിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ കുട്ടികളുടെ ഹാജര്‍നില ഉയര്‍ന്നുെവെന്നു ഹെഡ്മാസ്റ്റര്‍ ശ്രീ. മുഹമ്മദാലി മാഷ് സാക്ഷ്യപ്പെടുത്തുന്നു. പഠനോപകരണങ്ങള്‍ എല്ലാം ലഭിച്ചപ്പോള്‍ കുട്ടികള്‍ മുടങ്ങാതെ സ്‌കൂളില്‍ എത്തുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ഷെയറിങ് കെയറിന്റെ ചെയര്‍മാന്‍ ശ്രീ ജോബി ജോസ് അറിയിച്ചു. ഓരോ വര്‍ഷവും പദ്ധതി വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നത്.

നിര്‍ധനരായ കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായം ചെയ്യുക കൂടാതെ നിര്‍ധനരായ രോഗികളെയും അവരുടെ ചികിത്സയ്ക്ക് ആവശ്യമായ തുകയുടെ ഒരുഭാഗം നല്‍കി ഷെയറിങ് കെയര്‍ സഹായിച്ചു വരുന്നു. അതിന്റെ ഭാഗമായി ജൂലൈ മാസം അഡോളസെന്റ് ഐഡിയോപ്പതിക് സ്‌കോളിയോസിസ് (Adoloscent Idiopathic Scoliosis) ആണെന്ന് കണ്ടെത്തിയ ഒരു പതിനേഴുകാരനു, അസുഖത്തെ തുടര്‍ന്നു പുറത്തുണ്ടായ വളവു പരിഹരിക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ടി അന്‍പതിനായിരം രൂപ നല്‍കുകയുണ്ടായി.

ഐര്‍ലണ്ടിലെ സന്മനസ്സുള്ള പ്രവാസികള്‍ മാസംതോറും നല്‍കുന്ന തുകയാണ് ഷെയറിങ് കെയര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: