വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്നവര്‍ക്ക് കനത്ത ശിക്ഷയുമായി വ്യോമയാന മന്ത്രാലയം

 

വിമാനയാത്രക്കിടെ മോശമായി പെരുമാറുന്നവര്‍ക്ക് കടുത്ത ശിക്ഷാനടപടികളുമായി വ്യോമയാന മന്ത്രാലയം പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ചെയ്യുന്ന കുറ്റത്തിന്റെ തീവ്രത അനുസരിച്ച് മൂന്നായി തിരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ യാത്രാ വിലക്കു മുതല്‍ ആജീവനാന്ത വിലക്കുവരെ നീളുന്ന ശിക്ഷയാണ് പുതിയ ചട്ടത്തിലുള്ളത്. വിദേശ വിമാനങ്ങളിലും ഇത്തരക്കാര്‍ക്ക് പ്രവേശനം നിഷേധിക്കും. ചട്ടങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. പെരുമാറ്റച്ചട്ടങ്ങളെ മൂന്നായി തിരിച്ച് വിലക്കേര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം, ശാരീരികമായ കയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിങ്ങനെ തരം തിരിച്ചാണ് ചട്ടങ്ങള്‍. ഇവയ്ക്കോരോന്നിനും പ്രത്യേകം വിലക്കുകളാണുള്ളത്.

ആംഗ്യം കൊണ്ടുള്ള പെരുമാറ്റവും, മോശം പദാവലികളും തെറികളും വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം ചട്ടത്തില്‍ ഉള്‍പ്പെടും. മൂന്നു മാസം വരെ വിലക്കാണ് ഈ കുറ്റങ്ങള്‍ക്ക് ലഭിക്കുക. പിടിച്ച് തള്ളുക, തൊഴിക്കുക, ഇടിക്കുക, ശരീരത്തില്‍ മോശം രീതിയില്‍ സ്പര്‍ശിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ശാരീരികമായ കയ്യേറ്റത്തില്‍ ഉള്‍പ്പെടും. ആറു മാസം വരെ വിലക്കേര്‍പ്പെടുത്തും ഈ കുറ്റങ്ങള്‍ക്ക്. കൈയേറ്റം ചെയ്യുക, വിമാന ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഏറ്റവും വലിയ ശിക്ഷ. കുറ്റത്തിന്റെ തോതനുസരിച്ച് രണ്ടു വര്‍ഷമോ ആജീവനാന്ത വിലക്കോ ഏര്‍പ്പെടുത്തും.

യാത്രക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും സിന്‍ഹ അവകാശപ്പെട്ടു.  ചട്ടങ്ങളനുസരിച്ച് യാത്രാ വിലക്കേര്‍പ്പെടുത്തുന്നതിനു പുറമെ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: