പൊലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയ്ക്ക് കടുത്ത രക്തസമ്മര്‍ദ്ദം; ചോദ്യം ചെയ്യല്‍ നടന്നില്ല

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ ഇന്ന് നടന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ഷയ്ക്ക് കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. ചോദ്യം ചെയ്യലിന് മുന്‍പായി നാദിര്‍ഷയ്ക്ക് പൊലീസ് ക്ലബ്ബില്‍ വെച്ച് രക്തസമ്മര്‍ദ്ദം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബ്ബിലേക്ക് ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. നാദിര്‍ഷയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യലിന്റെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെത്തിയാണ് നാദിര്‍ഷയെ പരിശോധിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇനി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമേ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ ഉണ്ടാവുകയുള്ളൂ. ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നാദിര്‍ഷ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരായത്. പൊലീസ് ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ നാദിര്‍ഷയ്ക്ക് അവശത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘം പൊലീസ് ക്ലബ്ബിലെത്തി.

ചോദ്യം ചെയ്യലിന് മുന്നോടിയായി നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയും ഷുഗര്‍ ലെവലും താഴുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് പറഞ്ഞു. ഇനി എന്ന് ചോദ്യം ചെയ്യുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോള്‍ ചോദ്യം ചെയ്യുമെന്നും എവി ജോര്‍ജ് പറഞ്ഞു.

നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് പരിഗണിച്ച കോടതി നാദിര്‍ഷയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഈ മാസം 18 ന് വിധി പറയും.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: